ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായി മംഗലാപുരത്തേക്ക്; ബേപ്പൂരിൽ നിന്നുള്ള നോഡൽ ഓഫീസർ ഉൾപ്പടെ ആറ് പേരെ നിയോ​ഗിച്ചു

ലക്ഷദ്വീപിലേക്കുള്ള ചരക്ക് നീക്കം പൂർണമായും മം​ഗലാപുരത്തേക്ക്. മംഗലാപുരം തുറമുഖത്തെ സേവനം വർധിപ്പിക്കാൻ ബേപപ്പൂരിലെ നോഡൽ ഓഫീസർ അടക്കം ആറ് പേരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നിയോ​ഗിച്ചു.

ബേപ്പൂരില്‍ നിന്നുള്ള അസി. ഡയറക്ടര്‍ സീദിക്കോയ അടക്കമുള്ളവർക്കാണ് മംഗലാപുരം ചുമതല. നിലവില്‍ കേരളത്തിലെ ബേപ്പൂര്‍ തുറമുഖത്ത് നിന്നാണ് പ്രധാനമായും ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം നടക്കുന്നത്.

അതേസമയം ലക്ഷദ്വീപില്‍ നിന്നുള്ള ചരക്ക് നീക്കം പൂര്‍ണമായും ബേപ്പൂര്‍ തുറമുഖം വഴിയാക്കാനുള്ള സൗകര്യങ്ങള്‍ കേരള സര്‍ക്കാര്‍ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.

ബേപ്പൂര്‍ തുറമുഖത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. ദ്വീപിലേക്ക് കൂടുതല്‍ യാത്രാക്കപ്പലുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. ലക്ഷദ്വീപ് നിവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എല്ലാം കേരള സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.