3507 ബസുകള്‍ വാങ്ങാന്‍ കെഎസ്ആര്‍ടിസി; വോള്‍വോയും ബെന്‍സും ഇറക്കി പൊതുഗതാഗതം ശക്തമാക്കും; രാജ്യത്തെ ഏറ്റവും വലിയ ബസ് വാങ്ങലുമായി കര്‍ണാടക

വോള്‍വോയുടെയും ബെന്‍സിന്റെയും ബസുകള്‍ വാങ്ങി പൊതുഗതാഗത സംവിധാനം ശക്തമാക്കാനൊരുങ്ങി കര്‍ണാടക. ആദ്യഘട്ടത്തില്‍ 1340 രണ്ടാം ഘട്ടത്തില്‍ 2167 ബസുകളും വാങ്ങാനാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ നാല് ആര്‍ടിസികള്‍ക്കായി ആദ്യഘട്ടത്തില്‍ ആകെ 1020 പുതിയ ബസുകള്‍ വാങ്ങാന്‍ അനുമതി നല്‍കിയതായി നിയമ മന്ത്രി എച്ച്.കെ.പാട്ടീല്‍ അറിയിച്ചു. സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിച്ചതോടെ ബസുകളില്‍ തിരക്കേറിയ സാഹചര്യത്തിലാണു നടപടി.

കര്‍ണാടക ആര്‍ടിസിക്ക് 250 ബസുകള്‍ വാങ്ങാന്‍ 100 കോടി രൂപയും നോര്‍ത്ത് വെസ്റ്റ് കര്‍ണാടക ആര്‍ടിസിക്കു 350 ബസുകള്‍ വാങ്ങാന്‍ 150 കോടി രൂപയും കല്യാണ കര്‍ണാടക ആര്‍ടിസിക്കു 250 ബസുകള്‍ വാങ്ങാന്‍ 100 കോടി രൂപയുമാണ് അനുവദിച്ചത്. ഇതില്‍ 300ലധികം ബസുകള്‍ വോള്‍വോയും ബെന്‍സ് കമ്പനിയില്‍ നിന്നുമായിരിക്കും വാങ്ങുക.

320 എസി ഇലക്ട്രിക് ബസുകള്‍ വാങ്ങാന്‍ ബിഎംടിസിക്കു സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. 150 കോടി രൂപ ഇതിനായി അനുവദിച്ചു. ബിഎംടിസി ആദ്യമായാണ് എസി ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നത്. നിലവില്‍ നോണ്‍ എസി ഇലക്ട്രിക് ബസുകളാണു ബിഎംടിസിക്കുള്ളത്. നേരത്തേ ഡബിള്‍ ഡെക്കര്‍ എസി ബസുകള്‍ വാങ്ങാന്‍ ഗതാഗതവകുപ്പ് കരാര്‍ ക്ഷണിച്ചിരുന്നു. ബെംഗളൂരുവില്‍ നിന്നു സമീപ ജില്ലകളിലേക്കു കര്‍ണാടക ആര്‍ടിസി നോണ്‍ എസി ഇലക്ട്രിക് ബസ് സര്‍വീസ് നടത്തുന്നുണ്ട്.

മൈസൂരു ഉള്‍പ്പെടെയുള്ള റൂട്ടുകളില്‍ യാത്രക്കാരില്‍ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ഇതോടെയാണ് കൂടുതല്‍ ബസുകള്‍ വാങ്ങിക്കാന്‍ തീരുമാനിച്ചത്. ബിഎംടിസിക്ക് കീഴിലുള്ളതെല്ലാം എസി ബസുകള്‍ ആക്കാനാണ് മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള നടപടികളാണ് ഇപ്പോ നടക്കുന്നത്. കര്‍ണാടക ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബസ് വാങ്ങല്‍ നടപടികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.