'140 കോടി കുടുംബാംഗങ്ങളെ.., രാജ്യം മണിപ്പൂരിനൊപ്പം'; ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

രാജ്യം 77ാം സ്വാതന്ത്ര്യദിന നിറവില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ ഏഴരയോടെ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ്. 140 കോടി കുടുംബാഗങ്ങളെ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. രാജ്യത്തിന് സ്വാതന്ത്ര്യം നേടി നല്‍കുന്നതിനായി ജീവത്യാഗം ചെയ്ത എല്ലാവര്‍ക്കും ആദരമര്‍പ്പിക്കുന്നതായി മോദി അറിയിച്ചു. ഒപ്പം മണിപ്പുരിലെ അക്രമസംഭവങ്ങളെ കുറിച്ചും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

മണിപ്പൂരില്‍ അടക്കം പല ഭാഗങ്ങളിലും ഹിംസാത്മക സംഭവങ്ങളുണ്ടായി. മണിപ്പുരില്‍ സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന അക്രമമുണ്ടായി. രാജ്യം മണിപ്പൂരിനൊപ്പമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മണിപ്പൂരില്‍ സമാധാനാന്തരീക്ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്, അത് തുടരും. മണിപ്പൂര്‍ ഇപ്പോള്‍ സമാധാനപാതയിലേക്ക് തിരിച്ചെത്തുകയാണെന്നും മോദി പറഞ്ഞു.

രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ എത്തിയത്. കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചെങ്കോട്ടയിലെത്തി. ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തിയവരില്‍ എട്ട് മലയാളി ആരോഗ്യപ്രവര്‍ത്തകരും ഉണ്ട്. വിവിധ മേഖലകളില്‍നിന്നുള്ള 1800 പേരാണ് വിശിഷ്ടാതിഥികളാകുന്നത്. ഇതില്‍ 50 പേര്‍ നേഴ്‌സുമാരാണ്.

കനത്ത സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇന്നോടെ 2021ല്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടെ തുടക്കം കുറിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്  സമാപനമാകും.