"പ്രധാനമന്ത്രിയുമായുള്ള യോഗങ്ങൾ കേരള മുഖ്യമന്ത്രി സമയംപാഴാക്കലായാണ് കരുതുന്നത്": ബി.ജെ.പിയെ പരിഹസിച്ച് ശിവസേന

കോവിഡ് -19 പകർച്ചവ്യാധിയുടെ സമയത്ത് ഉദ്ധവ് താക്കറെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർക്കാരിനെതിരെ ബിജെപിയുടെ പ്രക്ഷോഭം പ്രതിപക്ഷ പാർട്ടിക്ക് തന്നെ തിരിച്ചടിയാകുമെന്ന് ഭരണകക്ഷിയായ ശിവസേന പറഞ്ഞു.

മഹാ വികാസ് അഗാദി സർക്കാർ പകർച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിനെ കേരളത്തിന്റെ മാതൃകയുമായി താരതമ്യപ്പെടുത്തിയതിന് പാർട്ടി മുഖപത്രമായ “സാമ്‌ന” യിലെ എഡിറ്റോറിയൽ സംസ്ഥാന ബിജെപി പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടീലിനെതിരെ ആഞ്ഞടിച്ചു.

“ചന്ദ്രകാന്ത് പാട്ടീൽ കേരള മാതൃക പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നില്ല. പ്രധാനമന്ത്രി മോദിയുമായുള്ള വീഡിയോ കോൺഫറൻസ് മീറ്റിംഗുകളിൽ പങ്കെടുക്കുന്നത് സമയം പാഴാക്കലാണെന്നും കരുതുന്നു, ”എഡിറ്റോറിയൽ അവകാശപ്പെട്ടു.

മഹാരാഷ്ട്രയിൽ പ്രതിഷേധിക്കുന്നതിനു പകരം ചന്ദ്രകാന്ത് പാട്ടീലും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും കേരളത്തിൽ പ്രക്ഷോഭം നടത്തണമെന്ന് മറാത്തി ദിനപത്രം പ്രസ്താവിച്ചു.

രാജ്യത്ത് ആരോഗ്യ അടിയന്തരാവസ്ഥയുണ്ടെന്നും കോവിഡ് -19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്നുണ്ടെന്നും പ്രസിദ്ധീകരണം അറിയിച്ചു.

“പ്രതിപക്ഷത്തിന് സംസ്ഥാനത്തോട് പ്രതിപത്തി ഉണ്ടെങ്കിലും പകർച്ചവ്യാധിയെ ചെറുക്കുന്നതിനെ കുറിച്ച് എന്തെങ്കിലും നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും, അവർ അത് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യണം. പ്രതിപക്ഷ പാർട്ടി അങ്ങനെ ചെയ്യാൻ ലജ്ജിക്കുന്നുണ്ടോ അല്ലെങ്കിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടോ?” ശിവസേന ചോദിച്ചു.

സംസ്ഥാനത്ത് കോവിഡ്-19 കേസുകൾ ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണെങ്കിലും മിക്ക രോഗികളും സുഖം പ്രാപിക്കുന്നെണ്ടെന്നും എഡിറ്റോറിയൽ എടുത്തുപറയുന്നു.

ബിജെപിയുടെ “മഹാരാഷ്ട്ര ബച്ചാവോ” പ്രക്ഷോഭത്തെ പരിഹസിച്ച എഡിറ്റോറിയൽ, സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടിയിൽ നിന്ന് രക്ഷിക്കാനുള്ള സമയമാണിതെന്ന് പറഞ്ഞു.