കെജ്‌രിവാള്‍ ഇന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല; കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതായി ആംആദ്മി പാര്‍ട്ടി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നും ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. മദ്യനയ അഴിമതിക്കേസില്‍ ഏഴാം തവണയാണ് ഇഡി കെജിരിവാളിന് സമന്‍സ് അയക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും യാതൊരു കാരണവശാലും ഇന്ത്യ സഖ്യം വിടില്ലെന്നും ആംആദ്മി നേതാക്കള്‍ പറഞ്ഞു.

അതേസമയം വിഷയം കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കുന്ന സമന്‍സുകളെല്ലാം നിയമവിരുദ്ധമാണെന്നാണ് കെജ്‌രിവാളിന്റെ ആരോപണം.

ഇതുകൂടാതെ ഫെബ്രുവരി 17ന് എക്‌സൈസ് പോളിസി കേസില്‍ അഞ്ച് സമന്‍സുകള്‍ ഒഴിവാക്കിയതിന് ഇഡിയുടെ പരാതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് 16ന് നേരിട്ട് ഹാജരാകാന്‍ ഡല്‍ഹി കോടതി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.