ആർട്ടിക്കിൾ 370 ഭേദഗതി ചെയ്ത് നാല് മാസത്തിനുള്ളിൽ കശ്മീർ സമ്പദ്‌വ്യവസ്ഥയ്ക്ക് നഷ്ടം 17,878 കോടി രൂപ

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തു കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ ആക്കി മാറ്റി നിയന്ത്രണങ്ങളും താഴ്വര അടച്ചുപൂട്ടലും ഏർപ്പെടുത്തിയതിനെയും തുടർന്ന് കശ്മീർ സമ്പദ്‌വ്യവസ്ഥയ്ക്ക് നാലുമാസത്തിനുള്ളിൽ 17,878 കോടി രൂപയുടെ നഷ്ടമുണ്ടായതായി “ദി ഇന്ത്യൻ എക്സ്പ്രസ്സ്” റിപ്പോർട്ട് ചെയ്തു.

2017-18 ലെ ജമ്മു കശ്മീരിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ അടിസ്ഥാനമാക്കിയാണ് നഷ്ടം വിലയിരുത്തിയത്. ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തുകൊണ്ടുള്ള ആഗസ്ത് 5 ലെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് ശേഷം ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് സമഗ്രമായ റിപ്പോർട്ട് കശ്മീർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) ആണ് പുറത്തിറക്കിയത്. ജമ്മു കശ്മീരിലെ മൊത്തം ജനസംഖ്യയുടെ 55 ശതമാനം വരുന്ന കശ്മീർ താഴ്‌വരയിലെ 10 ജില്ലകളിലാണ് പഠനം കേന്ദ്രീകരിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 5- ന് ശേഷമുള്ള 120 ദിവസത്തെ സമയപരിധി ആണ് കണക്കുകൂട്ടലുകൾക്കായി പരിഗണിച്ചത് . ഇതനുസരിച്ച് കശ്മീരിലെ സമ്പദ്‌വ്യവസ്ഥയ്ക്ക് 17,878.18 കോടി രൂപയുടെ നഷ്ടം സംഭവിച്ചു, ഓരോ മേഖലയിലും ഏർപ്പെട്ടിരിക്കുന്ന യൂണിറ്റ് ഹോൾഡർമാരുടെയും വ്യക്തികളുടെയും എണ്ണം, ജോലി, സാമ്പത്തിക നഷ്ടം എന്നിവ അടിസ്ഥാനമാക്കിയാണ് വിലയിരുത്തൽ നടത്തിയത്. ഉദാഹരണത്തിന്, ടൂറിസം മേഖലയിലെ വിവിധ ഉപമേഖലകളായ ടൂർ ഓപ്പറേറ്റർമാർ (ഇൻ‌ബൗണ്ട്, ഔട്ട് ബൗണ്ട്), ഹൗസ് ബോട്ടുകൾ, ഹോട്ടലുകൾ, ടൂറിസ്റ്റ് ട്രാൻസ്പോർട്ട്, ശിക്കരകൾ, അഡ്വഞ്ചർ സ്പോർട്സ്, മറ്റ് അനുബന്ധ മേഖലകൾ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. റിപ്പോർട്ട് കഴിയുന്നത്രയും മേഖലകളെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തി. കുതിര സവാരിക്കാർ, റാഫ്റ്റിംഗ് ഗ്രൂപ്പുകൾ, ഫോട്ടോഗ്രാഫർമാർ, ഗൈഡുകൾ, എന്നിവർക്ക് സംഭവിച്ച നഷ്ടം വിലയിരുത്തി, ” റിപ്പോർട്ടിൽ പറയുന്നു.

നിലവിലെ സ്ഥിതി മൂലം ലക്ഷക്കണക്കിന് ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടതായി കെസിസിഐ പറഞ്ഞു. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങിയവർക്ക് കടം തിരിച്ചടയ്ക്കാനുള്ള ശേഷി നഷ്ടപ്പെട്ടു, വലിയ തോതിൽ അക്കൗണ്ടുകൾ പാപ്പരാകാൻ സാദ്ധ്യതയുണ്ട്, പല ബിസിനസ് സ്ഥാപനങ്ങളും അടച്ചുപൂട്ടുകയോ അടച്ചുപൂട്ടലിനെ നേരിടുകയോ ചെയ്യുന്നു. ഇൻഫർമേഷൻ ടെക്നോളജി, ഇ-കൊമേഴ്‌സ് തുടങ്ങിയ ഇന്റർനെറ്റിനെ നേരിട്ട് ആശ്രയിക്കുന്ന മേഖലകൾ നശിപ്പിക്കപ്പെട്ടു. കർഷകരിൽ നിന്നും ആപ്പിൾ വാങ്ങുന്നതിനായി 8,000 കോടി രൂപ നീക്കിവെച്ചിരുന്ന ഹോർട്ടികൾച്ചർ മേഖലയിലെ സർക്കാർ ഇടപെടൽ നിലയ്ക്കുകയും ഇത് വിലക്കയറ്റത്തിനും പരിഭ്രാന്തിക്കും കാരണമായതായും റിപ്പോർട്ടിൽ പറയുന്നു. നഷ്ടം വിലയിരുത്തുന്നതിനോ നിസ്സഹായരായ കർഷകരെ സഹായിക്കുന്നതിനോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് കെസിസിഐ പറഞ്ഞു.

ടൂറിസം മേഖല തകർച്ചയിലാണ്. കൈത്തൊഴിലാളികളും നെയ്ത്തുകാരും തൊഴിലില്ലാത്തവരായി. ഈ മേഖലയിൽ ഏകദേശം 2,520 കോടി രൂപയുടെ നഷ്ടമുണ്ടായതായും ഉൽപ്പാദനം നിലച്ചതായും റിപ്പോർട്ടിൽ പറയുന്നു.