കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ കർണാടക പി.എഫ്.ഐ കേന്ദ്രമാകും; അസം മുഖ്യമന്ത്രി

കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ പിഎഫ്ഐയുടെ  കേന്ദ്രമായി മാറുമെന്ന്  അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഭരണകക്ഷിയായ  ഭാരതീയ ജനതാപാർട്ടിക്ക് വേണ്ടി തിരഞ്ഞെടുപ്പ്  പ്രചരണം നടത്തവേയാണ് ഹിമന്ത ബിശ്വ ശർമ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. പ്രതിപക്ഷം  സംസ്ഥാനത്തെ പിഎഫ്ഐയുടെ താഴ്വരയാക്കി മാറ്റുമെന്നും  ഡികെ ശിവകുമാറിനെയും സിദ്ധരാമയ്യെയും കടന്നാക്രമിച്ച്  ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ഡികെ ശിവകുമാർ ടിപ്പു സുൽത്താന്റെ കുടുബാംഗമാണെന്നും കുടക് ജില്ലയിൽ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ സംസാരിക്കവെ  ഹിമന്ത ബിശ്വ ശർമ ആരോപിച്ചു.കഴിഞ്ഞ  മാർച്ചിലാണ് 18 നൂറ്റാണ്ടിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ ഭരണകാലം ബിജെപി വീണ്ടും തിരഞ്ഞെടുപ്പ് വിഷയമാക്കി രംഗത്ത് വന്നത്.

ടിപ്പുവിന്റെ കാലത്ത് ഹിന്ദു സമൂഹത്തെ ഭയപ്പെടുത്തുകയും ആയിരക്കണക്കിന് ആളുകളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. ടിപ്പു സ്വേച്ഛാധിപതിയായ ഭരണാധികാരി ആയിരുന്നുവെന്നും  ബിജെപി നേതാക്കൾ പറഞ്ഞിരുന്നു.

ഇപ്പോൾ സിദ്ധരാമയ്യ ജി പറയുന്നത് ടിപ്പു സുൽത്താന്റെ ജന്മദിനം  ആഘോഷിക്കുമെന്നാണ്.നിങ്ങൾക്ക് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കണമെങ്കിൽ പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും പോകൂ .നിങ്ങൾക്ക് ഇന്ത്യയിൽ അത് ആഘോഷിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പ്രചരണവേളയിൽ ജനങ്ങളെ അഭിസംബോധന ചെയ്തു പറഞ്ഞു.