വിമത എം.എല്‍.എമാരുടെ രാജിയില്‍ തീരുമാനമായില്ല; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം നീളുന്നു

ബിജെപി വിശ്വസവോട്ട് നേടിയിട്ടും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണം പ്രതിസന്ധിയില്‍. 16 വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്നാണ് ബി.ജെ.പി. പറയുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ കര്‍ണാടക രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്നും ബി.ജെ.പി വക്താവ് ജി. മധുസുദന്‍ പറഞ്ഞു.

” വിമത എം.എല്‍.എമാരുടെ രാജി സ്വീകരിക്കാനോ തള്ളാനോ സ്പീക്കര്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ അത്തരമൊരു സാഹചര്യത്തില്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കില്ല. അതുകൊണ്ട് സംസ്ഥാനത്ത് ഗവര്‍ണര്‍ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ ചെയ്യും. ” മധുസുദന്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ 13 എം.എല്‍.എമാരും ജെ.ഡി.എസില്‍ നിന്നുള്ള മൂന്ന് എം.എല്‍.എമാരുമാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. സ്പീക്കര്‍ ഇവരുടെ രാജി സ്വീകരിക്കുന്നതുവരെ ഇവര്‍ നിയമസഭയിലെ അംഗങ്ങളായി തുടരുകയും സഭയിലെ അംഗബലം നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗം അടക്കം 225 ആയി നിലനില്‍ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരിക്കണണമെങ്കില്‍ 113 പേരുടെ പിന്തുണ വേണം.

” രണ്ട് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയുണ്ടായാലും പുതിയ സര്‍ക്കാര്‍ രൂപീകരിച്ച് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ ഭൂരിപക്ഷത്തിലെത്താന്‍ ഞങ്ങള്‍ക്ക് ആറുപേരുടെ കുറവു വരും.” അദ്ദേഹം വിശദീകരിക്കുന്നു.

Read more

തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പിക്ക് രണ്ട് സ്വതന്ത്രരുടേത് ഉള്‍പ്പെടെ 107 എം.എല്‍.എമാരുടെ പിന്തുണയുണ്ടായിരുന്നു.