'ഇതാണ് അവസ്ഥ'; ബജറ്റ് ദിനം ചെവിയില്‍ പൂവ് വെച്ചെത്തി സിദ്ധരാമയ്യ

കര്‍ണാടകയില്‍ ബജറ്റവതരണ ദിവസം നിയമസഭയില്‍ ചെവിയില്‍ പൂവ് വെച്ചെത്തി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ജനങ്ങളുടെ അവസ്ഥ ഇതാണെന്നും അവരെ സര്‍ക്കാര്‍ വിഡ്ഢികളാക്കുകയാണ് എന്നും ആരോപിച്ചാണ് ചെവിയില്‍ പൂവ് വെച്ചെത്തിയത്.

സിദ്ധരാമയ്യയുടെ പ്രതിഷേധത്തിനെതിരേ ഭരണപക്ഷം ബഹളം വച്ചു. ബഹളം കൂടിയതോടെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാനത്തെ ബജറ്റാണ് ഇത്. നിരവധി ജനപ്രിയപ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റവന്യൂ സര്‍പ്ലസ് ബജറ്റാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവതരിപ്പിച്ചത്. ചെലവിനേക്കാള്‍ കൂടുതല്‍ വരുമാനമുള്ള ബജറ്റാണ് റവന്യൂ സര്‍പ്ലസ് ബജറ്റ്. കൊവിഡ് കാലത്തെ പ്രതിസന്ധിയെ സംസ്ഥാനം മറികടന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കര്‍ണാടകയുടെ നികുതി വരുമാനം കഴിഞ്ഞ വര്‍ഷത്തില്‍ 20% കൂടി. കര്‍ഷകര്‍ക്ക് നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. താങ്ങുവില നല്‍കാനായി ആകെ 3500 കോടി രൂപ വകയിരുത്തി.

Read more

സര്‍ക്കാര്‍ പ്രീയൂണിവേഴ്സിറ്റിയിലും സര്‍ക്കാര്‍ കോളേജുകളിലും പഠിക്കുന്ന എട്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചു. ഇതിന് പുറമേ സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും വികസനത്തിനായി ഏകദേശം 1000 കോടി രൂപ അനുവദിച്ചു. കര്‍ണാടക രാമനഗരയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.