അധികാരത്തിലെത്തി ആഴ്ചകള്‍ കഴിഞ്ഞിട്ടും മന്ത്രിസഭ വികസിപ്പിക്കാനാകാതെ യെദ്യൂരപ്പ

കര്‍ണാടകയില്‍ മന്ത്രിസഭാ വികസനം വൈകുന്നു. യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കി ബിജെപി അധികാരത്തിലേറി രണ്ടാഴ്ച പിന്നിട്ടിട്ടും മന്ത്രിസഭ വികസിപ്പിക്കാനാകാതെ കുഴങ്ങുകയാണ് ബി.ജെ.പി.

മന്ത്രിസഭ വികസിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും കാണാന്‍ യെദ്യൂരപ്പ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. അതാണ് മന്ത്രിസഭാ വികസനം വൈകുന്നത്.

26 ജൂലൈയിലാണ് ഏറെ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു ശേഷം കര്‍ണാടകത്തില്‍ ബി.ജെ.പി അധികാരത്തിലേറിയത്. എന്നാല്‍ മുഖ്യമന്ത്രി യെദ്യൂരപ്പയെ കൂടാതെ 33 മന്ത്രിസ്ഥാനങ്ങളാണ് ഇപ്പോഴും ഒഴിഞ്ഞുകിടക്കുന്നത്.

മുഖ്യമന്ത്രിപദത്തില്‍ കയറുന്നതിന് ഒരുദിവസം മുന്‍പ് യെദ്യൂരപ്പ ഷായുമായും മോദിയുമായും മൂന്നു പ്രാവശ്യം കൂടിക്കാഴ്ച നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഷായ്ക്കു സമയമില്ലാത്തതിനാല്‍ പകരം വന്നത് മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറായിരുന്നു.

തുടര്‍ന്ന് കശ്മീര്‍ വിഷയവും മുന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ മരണവും കാരണം കൂടിക്കാഴ്ചകള്‍ മുടങ്ങി.

അതേസമയം 14 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ സുപ്രീം കോടതി തീരുമാനമെടുത്തതിനു ശേഷമേ മന്ത്രിസ്ഥാനങ്ങളില്‍ തീരുമാനമാകൂ എന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു. അല്ലാത്തപക്ഷം പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തരപ്രശ്നം ഉടലെടുത്തേക്കുമെന്ന് സംശയിക്കുന്നതായി അവര്‍ പറഞ്ഞു.

അയോഗ്യരാക്കിയ തീരുമാനം കോടതി റദ്ദാക്കിയാല്‍ കോണ്‍ഗ്രസും ജെ.ഡി.എസും വിട്ടുവന്ന നേതാക്കള്‍ക്കു മന്ത്രിസ്ഥാനം നല്‍കേണ്ടിവരും എന്നതിനാലാണത്. പന്ത്രണ്ടോളം വിമതരെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കാനും സാധ്യതയുണ്ട്.

എന്നാല്‍ കോടതി സ്പീക്കറുടെ തീരുമാനം ശരിവെച്ചാല്‍ ബി.ജെ.പിക്ക് ആശങ്കയുണ്ടാകില്ല. പാര്‍ട്ടി നേതാക്കള്‍ക്കു തന്നെ മന്ത്രിപദവി നല്‍കാം.

17 എം.എല്‍.എമാരെ അയോഗ്യരാക്കിയിരുന്നെങ്കില്‍ അതില്‍ മൂന്നുപേര്‍ കോടതിയെ സമീപിച്ചിട്ടില്ല.

വെള്ളിയാഴ്ച കോടതി വാദം കേള്‍ക്കും. ശനിയാഴ്ച ഷാ യെദ്യൂരപ്പയെ കാണുകയും ചെയ്യുമെന്ന് അവര്‍ പറയുന്നു. ആ കൂടിക്കാഴ്ചയില്‍ 15 പേരെ മന്ത്രിസ്ഥാനങ്ങളിലേക്കു തെരഞ്ഞെടുത്തേക്കും.