അഭിപ്രായ സർവേകളിൽ കോൺഗ്രസിന് മുൻതൂക്കം; പരസ്യ പ്രചാരണങ്ങൾ അവസനിച്ചു; കർണാടക നാളെ പോളിംഗ് ബൂത്തിലേക്ക്

കത്തിക്കയറിയ തെര‍ഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ കർണാടകയിലെ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലെത്തും. സംസ്ഥാനത്തിന്റെ ഭാവി തീരുമാനിക്കുന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിന് വിധിയെഴുതുകയാണ് നാളെ. കഴിഞ്ഞ ദിവസത്തെ ആവേശം നിറഞ്ഞ കൊട്ടിക്കാലാശത്തോടെ പരസ്യപ്രചാരണങ്ങൾക്ക് അവസാനമായി. ഇന്ന് നിശബ്ദ പ്രചാരണമാണ്. ഇന്നേ ദിവസം മുൻകൂർ അനുമതിയില്ലാതെ പത്രങ്ങളിലടക്കം പരസ്യം നൽകരുതെന്ന് പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശമുണ്ട്.

അവസാനഘട്ട പ്രചാരണം അതിന്റെ തീവ്രതയിൽ തന്നെ കൊഴുപ്പിക്കാൻ പ്രധാന പാർട്ടികൾ എല്ലാം തന്നെ പരിശ്രമിച്ചിട്ടുണ്ട്. അധികാരം ഉറപ്പിക്കാൻ ഹനുമാനെ കൂട്ടു പിടിച്ച ബിജെപിയും, തിരിച്ചുവരവിനൊരുങ്ങി ശക്തമായ പ്രചാരണത്തിനിറങ്ങി കോൺഗ്രസും. സ്വന്തം ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരെ വൈകാരികമായി സമീപിക്കാൻ ജെഡിഎസും മുന്നിട്ടിറങ്ങിയ പ്രചാരണമായിരുന്നു കർണാടകയിൽ കണ്ടത്.

ദേശീയ നേതാക്കളെ അണി നിരത്തി , മോദി തരംഗം ഉയർത്താൻ ശ്രമിച്ച് ശക്തമായ പ്രചാരണത്തിനാണ് ബിജെപി സംസ്ഥാനത്ത് നേതൃത്വം നൽകിയത്. എന്നാൽ ഒപ്പത്തിനൊപ്പം നിന്ന പ്രചാരണം ശക്തിപ്പെടുത്തിയ കോൺഗ്രസിന് സാധ്യത കൽപ്പിക്കുകയാണ്  അഭിപ്രായ സർവേകൾ. 224 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ലോക് പോൾ സർവേ പ്രകാരം കോൺഗ്രസിന് 128 മുതൽ 131 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. എബിപി ന്യൂസ് -സീ വോട്ടർ പുറത്തുവിട്ട സർവേ ഫലത്തിലും കോൺഗ്രസിനാണ് മുൻതൂക്കം. ബിജെപി രണ്ടാം സ്ഥാനത്തും ജെഡിഎസ് മൂന്നാമതുമാണ് സർവേകളിൽ കാണിക്കുന്നത്.

അടുത്ത് നടന്ന ഗു​ജ​റാ​ത്ത്, മ​ണി​പ്പു​ർ, ഗോ​വ തിര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ലഭിച്ച മേൽക്കൈയാണ് ബിജെപിക്ക് കർണാടകയിലും ആത്മവിശ്വാസം നൽകുന്നത്. എന്നാൽ പ്രചാരണത്തിൽ ബിജെപിയോട് കൊമ്പുകോർക്കാൻ കോൺഗ്രസിനും ജെഡിഎസിനും കഴിഞ്ഞിട്ടുണ്ട്. ബി​ജെ​പി​ക്കു വേ​ണ്ടി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യും പ്രചാരണത്തിന് ചുക്കാൻ പിടിച്ചത്.

കോ​ൺ​ഗ്ര​സി​നു വേ​ണ്ടി ക​ർ​ണാ​ട​ക യി​ൽ നി​ന്നു​ള്ള നേ​താ​വു കൂ​ടി​യാ​യ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ‌, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എന്നിവർ കളത്തിലിറങ്ങി.2019നു​ശേ​ഷം ആ​ദ്യ​മാ​യി സോ​ണി​യ ഗാ​ന്ധി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​തും കോൺഗ്രസ് കർണാടക തെരഞ്ഞെടുപ്പിന് നൽകുന്ന പ്രധാന്യം വ്യക്തമാക്കുന്നുണ്ട്.

മോദിതരംഗം ഉയർത്തി ബിജെപി പതിവുപോലെ വോട്ടർമാരെ ആകർഷിക്കാൻ ശ്രമിച്ചപ്പോൾ.ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രാ​യ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ളി​ലൂ​ന്നി​യാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണം. പ്ര​ചാ​ര​ണം പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ​യും ബ​ജ്റം​ഗ് ദ​ളി​നെ​യും നി​രോ​ധി​ക്കു​മെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തോ​ടെ കാര്യങ്ങൾ അൽപം വഴിമാറിയിരുന്നു. അത് ബിജെപി ആയുധമാക്കുകയും ചെയ്തു. അത് തിരിച്ചറിഞ്ഞ് കോൺഗ്രസ് പിന്നീട് സംയമനം പാലിക്കുകയായിരുന്നു. മൈസൂർ മേഖലയിലൂടെ ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപി ശ്രമിക്കുമ്പോൾ ഉ​ത്ത​ര​ക​ന്ന​ഡ​യി​ൽ മേ​ൽ​ക്കൈ നേടാനാണ് കോൺഗ്രസിന്റെ ശ്രമം.

ഹനുമാൻ പിന്തുണച്ച് തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ശ്രമിച്ചപ്പോൾ ബിജെപിയെ തള്ളി കൂടെ നിൽക്കുമെന്ന് പ്രഖ്യാപിച്ച് ലിംഗായത്തുകളിലാണ് കോൺഗ്രസ് പ്രതീക്ഷ. ഇരു പാർട്ടികളും കത്തിക്കയറുമ്പോൾ പ്രാദേശിക വിഷയങ്ങളെ ഉയർത്തിപ്പിടിച്ചാണ് ജെഡിഎസ് പ്രചാരണം നടക്കുന്നത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യും മ​ക​നും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​ ഉൾപ്പെടെയുള്ള നേതാക്കൾ വൈകാരികമായി വോട്ടർമാരെ കയ്യിലെടുക്കുവാനും ശ്രമിക്കുന്നുണ്ട്. കർണാടകയിൽ ജെഡിഎസിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്.