കച്ചിത്തീവ് ദ്വീപില്‍ ഡിഎംകെയ്ക്ക് ഇരട്ട നിലപാട്; ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യക്ക് നല്ല ബന്ധം; ചൈനയുമായുള്ള ബന്ധം വെല്ലുവിളികള്‍ നിറഞ്ഞതെന്ന് വിദേശകാര്യ മന്ത്രി

കച്ചിത്തീവ് ദ്വീപ് വിവാദത്തില്‍ ഡിഎം കെയ്ക്ക് ഇരട്ട നിലപാടാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍. പാര്‍ലമെന്റിനകത്തും പുറത്തും അവര്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പറയുകയും പിന്തുടരുകയും ചെയ്യുന്നത്. പാര്‍ലമെന്റിനകത്ത് എതിര്‍ത്ത ഡി എം കെ പുറത്ത് രഹസ്യമായി പിന്തുണക്കുകയാണ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ വിശദീകരിക്കാന്‍ ആവില്ല എന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ പത്തു വര്‍ഷം മോദിസര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. ലോക സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയെ അഞ്ചാം സ്ഥാനത്ത് എത്തിക്കാന്‍ മോദിസര്‍ക്കാരിന് കഴിഞ്ഞു. കൊവിഡ് പ്രശ്‌നത്തിനും ഉക്രെയില്‍ യുദ്ധത്തിലും ഇന്ധന വിലവര്‍ദ്ധനവിലും മിഡില്‍ ഈസ്റ്റ് പ്രശ്‌നങ്ങളിലും ഇന്ത്യയെ ധീരമായി മുന്നോട്ടു നയിക്കാന്‍ മോദിസര്‍ക്കാരിന് കഴിഞ്ഞു.

അടുത്ത 25 വര്‍ഷം മുന്നില്‍കണ്ടാണ് ബിജെപിയും നരേന്ദ്ര മോദിയും മുന്നോട്ട് പോകുന്നത്. കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ഗള്‍ഫ് രാജ്യങ്ങളുമായി നല്ല ബന്ധമാണ് ഇന്ത്യക്ക് ഉള്ളത്. പ്രത്യേകിച്ചും യുഎഇയുമായി. ഇന്ദിരഗാന്ധിക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവരുമായി ഊഷ്മള ബന്ധം ഊട്ടിയുറ പ്പിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 30 വര്‍ഷത്തെ ഇടവേളയെ തുടര്‍ന്ന് ഉണ്ടായ വിടവ് നികത്തിയത് നരേന്ദ്രമോദിയാണ്. യുഎഇ , സൗദി, ഖത്തര്‍, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളുുമായി ഇന്ന് ഇന്ത്യക്ക് നല്ല ബന്ധമാണ് ഉള്ളത്.

ഇന്ന് ഇന്ത്യാക്കാര്‍ ഏറെ ആത്മവിശ്വാസമുള്ളവരായി മാറിയിരിക്കുകയാണ്. ലോകത്ത് എവിടെയും ഇന്ത്യന്‍ പൗരന്റെ സുരക്ഷിതത്വം മോദിസര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു. ഇതാണ് മോദിയുടെ ഗ്യാരന്റി. യെമനില്‍ നിന്നും ലിബിയയില്‍ നിന്നും തിരികെ വന്ന നഴ്‌സുമാര്‍ക്കായാലും ഉക്രെയിന്‍ യുദ്ധത്തിനിടെ തിരികെ വന്ന വിദ്യാര്‍ത്ഥികള്‍ക്കായാലും യെമനില്‍ നിന്ന് തിരികെ വന്ന ഫാദര്‍ ടോം ഉഴുന്നാലില്‍ ഇവരെയെല്ലാം സുരക്ഷിതമായി തിരികെയെത്തിക്കാന്‍ മോദിസര്‍ക്കാരിനെ കൊണ്ട് കഴിഞ്ഞു.

മോദിസര്‍ക്കാരിന്റെ കാലത്ത് രാജ്യത്ത്കൂടുതല്‍ പാസ്‌പോര്‍ട്ട് ഓഫീസുകള്‍ തുടങ്ങി. ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്. പാസ്‌പോര്‍ട്ട് നല്‍കുന്നതില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ കേരളമാണ്. ഇതൊക്കെയാണെങ്കിലും കേരളം നിരവധി വികസന വെല്ലുവിളികള്‍ നേരിടുന്നു. പിഒകെ വിഷയത്തില്‍ ദേശീയമായ കാഴ്ചപ്പാടും നയവുമാണ് ബി ജെ പിക്ക് ഉള്ളത്. അത് ഒരിക്കലും രാഷ്ട്രീയമല്ല ചൈനയുമായുള്ള ബന്ധം വെല്ലുവിളികള്‍ നിറഞ്ഞതാണ് എങ്കിലും നിലവില്‍ ഊഷ്മളമായും തുടരുന്നു.