ക്യാബിനിൽ പുകയുടെ മണം; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മുംബൈയിൽ നിന്ന് ചെന്നൈയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ക്യാബിനിൽ പുകയുടെ മണം അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി മുംബൈയിൽ തിരിച്ചിറക്കിയതായും യാത്രക്കാർക്കു മറ്റൊരു വിമാനം ഏർപ്പെടുത്തിയതായും എയർ ഇന്ത്യ വക്‌താവ് പറഞ്ഞു. എഐ 639 വിമാനമാണ് തിരിച്ചിറക്കിയത്.

Read more

എഐ 639 വിമാനം രാത്രി 11:50നാണ് പറന്നുയർന്നത്. ഏകദേശം 45 മിനിറ്റ് പറന്നതിനു ശേഷം സാങ്കേതിക തകരാർ കാരണം വിമാനം മുംബൈയിലേക്കു തിരികെ പോകുമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരിലൊരാൾ സമൂഹ മാധ്യമത്തിൽ കുറിച്ചു. രാത്രി 12:47ന് വിമാനം നിലത്തിറക്കി. അപ്രതീക്ഷിത തടസം കാരണം യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാൻ ഗ്രൗണ്ട് സ്‌റ്റാഫ് എല്ലാ പിന്തുണയും നൽകിയെന്നും അധികൃതർ വ്യക്തമാക്കി.