രാജ്യത്ത് കോൺഗ്രസ് തിരിച്ചു വരില്ലെന്ന് പറയാനാവില്ല, അതിന്റെ ജനകീയ അടിത്തറ നഷ്ടമായിട്ടില്ല; പ്രഫുല്ല സാമന്തറേ

ഒഡീഷയിൽ നിന്നുള്ള ഇന്ത്യൻ പരിസ്ഥിതി പ്രവർത്തകനായ പ്രഫുല്ല സാമന്തറേ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും പരിസ്ഥിയെ കുറിച്ചുമൊക്കെ സംസാരിക്കുന്നു. ലോകം നേരിടുന്ന വെല്ലുവിളികളായ കാലാവസ്ഥാ വ്യതിയാനത്തെയും സാമ്പത്തിക അസമത്വത്തെയും നേരിടാൻ നമുക്ക് സോഷ്യലിസമല്ലാതെ ഒരുപ്രത്യയശാസ്ത്രമില്ല. മുതലാളിത്തത്തിനും കമ്മ്യൂണിസത്തിനും നൽകാൻ കഴിയാത്തത് സ്ഥിതിസമത്വ സങ്കല്പത്തിനു കഴിയും. ഇന്ന് പരസ്‌പരം ഭിന്നിച്ചും കലഹിച്ചും കഴിയുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഐക്യം അനിവാര്യമാണ്.

കേരളത്തിൽ അദാനി തുറമുഖത്തിനെതിരെയും സിൽവർ ലൈനെതിരെയും മറ്റും നടന്ന പോരാട്ടങ്ങളെ സോഷ്യലിസ്റ്റ് ദിശയിലുള്ള ജനകീയ സമരങ്ങളായി കാണണം. ഇത്തരം ചെറുത്തുനില്പുകൾ രാജ്യത്തെമ്പാടും ഉണ്ടാവുന്നുണ്ട്. ഇതൊരു മഹാപ്രസ്ഥാനമായി ഉയർന്നുവരണം- ഒഡിഷയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ലോക്‌ശക്തി അഭിയാൻ നേതാവും ഹരിത നോബൽ എന്നറിയപ്പെടുന്ന ഗോൾഡ്‌മാൻ ആഗോള പരിസ്ഥിതി പുരസ്കാരജേതാവുമായ പ്രഫുല്ല സാമന്തറേ പറഞ്ഞു.

രാജ്യത്ത് കോൺഗ്രസ് തിരിച്ചുവരുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹം പറഞ്ഞു: “വരില്ലെന്ന് പറയാനാവില്ല. കോൺഗ്രസിന് അതിന്റെ ജനകീയ അടിത്തറ നഷ്ടമായിട്ടില്ല. രാജ്യത്തെ ഒരു ശതമാനം ആളുകൾ സമ്പത്തിൻ്റെ 77 ശതമാനം കയ്യടക്കി വച്ചിരിക്കുന്ന ഒരവസ്ഥ എന്നും തുടരുമെന്ന് കരുതാനാവില്ല. കശ്മീരിൽ തീവ്രവാദി ആക്രമണം നടക്കുമ്പോൾ മുതൽ വഖഫ് നിയമം ഭേദഗതി ചെയ്യുമ്പോൾ വരെ മുസ്ലീങ്ങളെ കുറ്റപ്പെടുത്താൻ അത് അവസരമായി കാണുന്ന സർക്കാരാണ് മോദിയുടേത്.

മുസ്ലീങ്ങൾ മൂന്നാംകിട പൗരന്മാരൊന്നുമല്ല. അങ്ങനെ വരുത്തിത്തീർക്കാനുള്ള ശ്രമം ശക്തമായി അപലപിക്കപ്പെടേണ്ടതുമുണ്ട്. ബിജെപി ഈ രാജ്യത്തെ വീണ്ടും അടിമത്വത്തിലേക്ക് നയിക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. കോൺഗ്രസല്ലാതെ നിലവിൽ ബിജെപിക്ക് ഒരു ബദലില്ല. ഞാനും മേധാപട്‌ക്കറുമുൾപ്പെടെ 20 പേർ 2016-ൽ രാഹുൽഗാന്ധിയെ കണ്ടപ്പോൾ കോൺഗ്രസ് അതിൻ്റെ പഴയ പ്രതാപത്തിലേക്ക് മടങ്ങേണ്ടത് രാജ്യത്തിന് അത്യാവശ്യമാണെന്ന ചൂണ്ടിക്കാട്ടിയിരുന്നു.”