പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പ്, ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രത്യേകിച്ച് ശ്രീനഗറിലെ ഹോട്ടലുകൾ ആക്രമിക്കാൻ തീവ്രവാദികൾ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ശ്രീനഗറിൽ സുരക്ഷ വർധിപ്പിച്ചിരുന്നു.
കഴിഞ്ഞ മാസം 19ന് ആക്രമണം നടക്കുമെന്നായിരുന്നു രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നത്. വിനോദസഞ്ചാരികളെയും ഹോട്ടലുകളെയും ലക്ഷ്യമിടുന്ന ഭീകരവാദ പദ്ധതികളെക്കുറിച്ച് ആണ് ഇന്റലിജൻസ് പറഞ്ഞിരുന്നത്. ജമ്മു കശ്മീരിലെ ആക്രമണ സാദ്യതയുള്ള പ്രദേശങ്ങൾ അതിനാൽ നിരീക്ഷണത്തിൽ ആയിരുന്നു.
എന്നാൽ ഭീകര പ്രവർത്തനങ്ങളുടെയോ ആക്രമണങ്ങളുടെയോ ചരിത്രമില്ലാത്ത ബൈസരനെക്കുറിച്ച് ആക്രമണം നടക്കുമെന്നതിനെ സംബന്ധിച്ച് സൂചനകൾ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. നിരവധി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും സുരക്ഷ കർശനമാക്കുന്നതിനായി ജമ്മു കശ്മീർ പൊലീസ് ശ്രീനഗറിൽ ക്യാമ്പ് ചെയ്തിരുന്നതായും രഹസ്യാന്വേഷണ വിഭാഗം പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ പരിശോധനയും ജാഗ്രതയും തുടരുകയാണ്. ഭീകരർക്കായുള്ള തെരച്ചിൽ ഊർജിതമായി മുന്നോട്ടുപോകുന്നതായി സുരക്ഷാ സേന അറിയിച്ചു. കരാക്രമണത്തിൽ പാകിസ്ഥാന് മറുപടി നൽകാനൊരുങ്ങുകയാണ് കര-നാവിക-വ്യോമസേനകൾ. 45 മിസൈൽ ലോഞ്ചറുകൾ അടക്കം പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ കരസേന വാങ്ങും. ഗംഗാ അതിവേഗ പാതയിൽ രാത്രിയിലും യുദ്ധവിമാനങ്ങളുടെ ലാൻഡിംഗ് വ്യോമസേന നടത്തി. ഇന്ത്യയുടെ പാകിസ്ഥാനും തമ്മിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നതിനിടെയാണ് കരസേന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്.