വൈറലാകാൻ റെയിൽവേ ട്രാക്കിൽ ഇൻസ്റ്റഗ്രാം റീൽ ചിത്രീകരണം; പതിനാറുകാരൻ ട്രെയിൻ തട്ടി മരിച്ചു

റെയിൽവെ ട്രാക്കിൽ നിന്ന്  ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കാൻ ശ്രമിച്ച പതിനാറുകാരൻ  ട്രെയിൻ തട്ടി മരിച്ചു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് സർഫറസ് ആണ്  മരിച്ചത്. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് സർഫറസ്. വെള്ളിയാഴ്ട  സനത് നഗറിലെ റെയിൽവേ ട്രാക്കിൽ രണ്ട് സുഹൃത്തുക്കളോടൊപ്പമാണ് മുഹമ്മദ് സർഫറസ്  വീഡിയോ ചിത്രികരിക്കാൻ എത്തിയത്.

അതിവേഗം പാഞ്ഞുവരുന്ന ട്രെയിനിന് മുമ്പിൽ നിന്ന്  മൂവരും ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കാൻ  ശ്രമിക്കുകയായിരുന്നു.സർഫറസ് ട്രെയിനിന് നേരെ മുഖം തിരിഞ്ഞ് നിൽക്കുന്ന വീഡിയോയാണ് ചിത്രീകരിച്ചത്. പക്ഷെ ട്രെയിൻ അടുത്തെത്തിയപ്പോഴേക്കും ഓടി മാറാൻ  കുട്ടിക്ക് കഴിഞ്ഞില്ല. ട്രെയിൻ അടുത്ത് വന്നപ്പോഴേക്കും കൂട്ടുകാർ ഓടി മാറിരക്ഷപെട്ടു.

സംഭവം നടന്ന് കുറച്ച് മണിക്കൂറുകൾക്ക് ശേഷം സുഹൃത്തുക്കളായ മുസാമിൽ,സുഹൈൽ എന്നിവർ സർഫറാസ് ബോധരഹിതനായി ട്രാക്കിൽ കിടക്കുന്നു എന്ന വിവരം സർഫറാസിന്റെ പിതാവിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പിതാവ് സ്ഥലത്തെത്തിയപ്പോഴാണ് മരിച്ച നിലയിൽ സർഫറാസിനെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും ഒരു ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇൻസ്റ്റഗ്രാമിൽ സാഹസിക വീഡിയോകളും റീലുകളും  ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത് വൈറലാവുന്ന നിരവധി  ആളുകളുണ്ട്. കൂടുതലും ചെറുപ്പക്കാരാണ് ഇത്തരം വീഡിയോ ചിത്രീകരണം നടത്താറുള്ളത്.പലരും  വീഡിയോ ചിത്രീകരണത്തിനിടെയിൽ വലിയ  അപകടങ്ങളും ക്ഷണിച്ച് വരുത്താറുണ്ട്.