ഇറാൻ- യു.എസ് സംഘർഷം: ഇറാഖിലേക്കുള്ള യാത്ര ഒഴിവാക്കണം, ഇന്ത്യൻ വിമാനങ്ങൾ ഗൾഫ് വ്യോമാതിർത്തികളിൽ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്

ഇറാഖിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശ കാര്യമന്ത്രാലയം. ഇറാഖുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംഭവങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ഇന്ത്യ വ്യക്തമാക്കുന്നു.

നിലവിൽ ഇറാഖിലുള്ള ഇന്ത്യൻ പൗരൻമാർ രാജ്യത്തിന് അകത്തുള്ള യാത്രകളും പരമാവധി ഒഴിവാക്കണമെന്നും വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് എല്ലാ സേവനങ്ങളും നൽകുന്നതിന് ബാഗ്ദാദിലെ എംബസിയും എർബിലിലെ കോൺസുലേറ്റും സജ്ജമാണെന്നും, ഇവ സാധാരണ നിലയിൽ പ്രവർത്തിച്ചു വരുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കാൻ ഇന്ത്യൻ വിമാനക്കമ്പനികളോടും സർക്കാർ നിര്‍ദേശിച്ചു. ഇറാൻ, ഇറാഖ്, ഗൾഫ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തി പരമാവധി ഒഴിവാക്കാനാണ് വ്യോമയാന മന്ത്രാലയത്തിന്റെ അറിയിപ്പ്. വിഷയത്തിൽ ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികളുടെ യോഗം വിളിച്ചിരുന്നു. മതിയായ ജാഗ്രത പാലിക്കാനും എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

അതേസമയം, ഇറാഖ്, ഇറാന്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ ഉള്‍ക്കടല്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവെയ്ക്കുന്നത് ഉൾപ്പെടെ യുഎസ് പരിഗണിച്ചിരുന്നെന്നാണ് വിവരം.

സൈനിക ജനറല്‍ കാസെം സുലൈമാനിയുടെ കൊലപാതകത്തിന് തിരിച്ചടിയായിട്ടാണ് ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍  മിസൈലാക്രമണം നടത്തിയത്.  സ്വയം പ്രതിരോധത്തിനുള്ള നീക്കമാണ് നടത്തിയതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജാവദ് സാരിഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎന്‍ മാനദണ്ഡപ്രകാരം ആര്‍ട്ടിക്കിള്‍ 51 അനുസരിച്ചാണ് ഇറാന്റെ നടപടി. കുടുതല്‍ ആക്രമണങ്ങള്‍ക്കോ യുദ്ധത്തിനോ ഞങ്ങള്‍ പോകുന്നില്ല, എന്നാല്‍ ഏത് ആക്രമണത്തിനെതിരെയും സ്വയം പ്രതിരോധം നടത്തുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.

അതേസമയം ഇറാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. ലോകത്തെ ഏറ്റവും ശക്തവും സുസജ്ജവുമായ സൈന്യം ഞങ്ങള്‍ക്കുണ്ടെന്ന് ഇറാനെ ഓര്‍മ്മപ്പെടുത്തി കൊണ്ടായിരുന്നു ട്രംപിന്റെ ട്വീറ്റ്. സംഭവത്തില്‍ ഇന്ന് തന്നെ നിര്‍ണായകമായ പ്രഖ്യാപനം നടത്തുമെന്നും ട്രംപ് പ്രതികരിച്ചിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ ഇന്ത്യന്‍ സമയം അ‍ഞ്ച് മണിയോടെയാണ് ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്‍ വ്യോമാക്രമണം നടത്തിയത്. സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഏതാണ്ട് 12-ഓളം മിസൈലുകള്‍ ആണ് ഇറാന്‍ വിക്ഷേപിച്ചതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തില്‍ ആളപായമുണ്ടായോ എന്ന കാര്യം വ്യക്തമല്ല.