ഇന്ത്യയെ ആക്രമിക്കാനെത്തിയ പാക്കിസ്ഥാന്‍ യുദ്ധവിമാനം തകര്‍ത്തു; ചൈന സമ്മാനിച്ച ജെഎഫ്-17നെ തകര്‍ത്തത് ആകാശ് മിസൈല്‍ ഉപയോഗിച്ച്; രാജാ ചാക് ഗ്രാമത്തില്‍ തകര്‍ന്നുവീണു

ഇന്ത്യയെ ആക്രമിക്കാനായി ലക്ഷ്യമിട്ട് എത്തിയ പാക്കിസ്ഥാന്‍ വ്യോമസേനയുടെ ജെഎഫ്-17 യുദ്ധവിമാനത്തെ തകര്‍ത്തു. ചൈന സമ്മാനിച്ച യുദ്ധവിമാനവുമായി ജമ്മുകാഷ്മീരിലെ അഖ്നൂര്‍ മേഖലയില്‍ വച്ച് ആകാശ് മിസൈല്‍ ഉപയോഗിച്ചാണ് തകര്‍ത്തത്. അഖ്നൂര്‍ മേഖലയിലെ സുങ്കലിനടുത്തുള്ള രാജാ ചാക് ഗ്രാമത്തിലാണ് ജെഎഫ്-17 തകര്‍ന്നുവീണതെന്ന്.

ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ചെടുത്ത മിസൈലാണ് ആകാശ്. 15,500 ആകാശ് മിസൈലുകള്‍ ഇന്ത്യയില്‍ സജ്ജമാണ്. 45 കിലോമീറ്റര്‍ റേഞ്ചില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആകാശ് മിസൈല്‍ രാജ്യത്തിന്റെ അഭിമാനമാണ്.

ആക്രമണത്തില്‍ പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ പോസ്റ്റ് ചെയ്തു. ആക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ബഹാവല്‍പൂരിലും മുസാഫറബാദിലും കോട്‌ലിയിലും മുറിഡ്‌കെയിലും ആക്രമണം നടന്നു. മിസൈല്‍ ആക്രമണമാണ് നടന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയിട്ടില്ലെന്നും സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങള്‍ പ്രധാനമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് നടന്നത്.

പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആദ്യ പ്രതികരണവുമായി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യ തിരിച്ചടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. തിരിച്ചടി അറിഞ്ഞത് അല്‍പ്പസമയം മുന്‍പാണ്. എല്ലാം പെട്ടന്ന് അവസാനിക്കട്ടെയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ സംയമനം പാലിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Read more

പഹല്‍ഗാമില്‍ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിനല്‍കാന്‍ സൈന്യത്തിന് സര്‍ക്കാര്‍ പൂര്‍ണ അധികാരം നല്‍കിയിരുന്നു.