നാഗാലാൻഡിൽ അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി

നാഗാലാൻഡിൽ അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി. 8 ജില്ലകളിലും 21 പൊലീസ് സ്റ്റേഷൻ പരിധികളിലും ആണ് ഈ വർഷം സെപ്തംബർ 30 വരെ അഫ്സ്പ നിയമം കേന്ദ്രസർക്കാർ ദീർഘിപ്പിച്ചത്. സായുധസേനക്ക് പ്രത്യേക അധികാരം നൽകുന്നതാണ് അഫ്സ്പ നിയമം.

ക്രമസമാധാന സാഹചര്യം അവലോകനം ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി. സൈന്യത്തിന്​ പ്രത്യേക അധികാരം നൽകുന്ന 1958ലെ നിയമമാണ്​ ‘അഫ്​സ്​പ’ അഥവാ ‘ആംഡ്​ ഫോഴ്​സസ്​ സ്​പെഷൽ പവേഴ്​സ്​ ആക്​ട്​’.

മുൻകൂർ വാറന്റില്ലാതെ പരിശോധന നടത്താനും കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റ് ചെയ്യാനും ‘അഫ്സ്പ’ നിയമം സായുധ സേനക്ക് അധികാരം നൽകുന്നുണ്ട്. അതേസമയം ജമ്മു-കശ്മീരിലെ അഫ്സ്പ നിയമം പിൻവലിക്കുന്നത് കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‌

കേന്ദ്ര ഭരണപ്രദേശത്തെ സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന ചുമതല ജമ്മു- കശ്മീർ പൊലീസിന് വിട്ടുകൊടുക്കാനും സർക്കാരിന് പദ്ധതിയുണ്ടെന്ന് ഷാ പറഞ്ഞു. ജമ്മുവിന് സംസ്ഥാന പദവി തിരികെ നൽകി നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാഗമായിട്ടാണിത്.