നാഗാലാന്‍ഡില്‍ അഫ്‌സ്പ ആറ് മാസത്തേക്ക് കൂടി നീട്ടി

നാഗാലാന്‍ഡില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ‘അഫ്‌സ്പ’ (AFSPA) നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഈ മാസം ആദ്യം മോണ്‍ ജില്ലയില്‍ സൈന്യം നടത്തിയ ആക്രമണത്തിലും ഇതിന് പ്രതികാരമായി നടന്ന അക്രമത്തിലും 14 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സൈന്യത്തിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്ന നിയമം പിന്‍വലിക്കണമെന്ന ആവശ്യം സംസ്ഥാനത്ത് ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ സൈനിക വിചാരണകള്‍ നടക്കുന്നതിനാലാണ് അഫ്‌സ്പ നീട്ടിയത്.

സംസ്ഥാന തലസ്ഥാനമായ കൊഹിമയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം അഫ്‌സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നിരുന്നു. ഇക്കാര്യം കേന്ദ്രവുമായി ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരും വിവിധ സംഘടനകളും നിയമം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. നിയമം പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ ഒരു സമിതി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി നെയ്ഫിയു റിയോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. എന്നാല്‍ നിലവില്‍ ഈ ആവശ്യം കേന്ദം അംഗീകരിച്ചില്ല.

നാഗാലാന്‍ഡ് കാലങ്ങളായി അഫ്‌സ്പയുടെ കീഴിലാണ്. സംഘര്‍ഷ സാദ്ധ്യത ഉള്ള സ്ഥലമാണെന്ന് വിലയിരുത്തിയാണ് അഫ്‌സ്പ നീട്ടിയത്. പ്രശ്നബാധിത മേഖലകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളില്‍ സൈന്യത്തിന് സ്വതന്ത്ര നടപടികള്‍ക്ക് അധികാരം നല്‍കുന്നതാണ് അഫ്സ്പ. ഈ മേഖലയിലെ സൈനികനെ ശിക്ഷാനടപടികള്‍ക്ക് വിധേയനാക്കണമെങ്കില്‍ കേന്ദ്ര അനുമതിയും വേണം. നിലവില്‍ വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് സൈന്യത്തെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

നാഗാലാന്റില്‍ കുറേ വര്‍ഷങ്ങളായി ആറ് മാസം കൂടുമ്പോള്‍ അഫ്‌സപ നിയമം നീട്ടി നല്‍കുകയാണ് പതിവ്. അഫ്സ്പ എടുത്ത് കളയണമെന്നാവശ്യപ്പെട്ട് നാഗാലാന്‍ഡ് നിയമസഭ ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് ഏകകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. ഇത് പരിശോധിക്കാന്‍ വിവേക് ജോഷിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയേയും നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഉത്തരവ്.