മധ്യപ്രദേശിലെ 'ഹണി-ട്രാപ്പ്'; ആയിരം ക്ലിപ്പുകൾ പിടിച്ചെടുത്ത്‌ പൊലീസ്, കെണിയില്‍ പെട്ടവരിൽ എട്ട് മുൻ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും

മധ്യപ്രദേശിലെ ഹണി-ട്രാപ് സംഘത്തിനെതിരെയുള്ള പൊലീസ് തെരച്ചിലിൽ കമ്പ്യൂട്ടറിൽ നിന്നും മൊബൈൽ ഫോണുകളിൽ നിന്നും ആയിരത്തിലധികം സെക്സ് ചാറ്റ് ക്ലിപ്പുകൾ, ലൈംഗിക വീഡിയോകൾ, ഓഡിയോകൾ എന്നിവ കണ്ടെത്തി. ഇതേതുടർന്ന് ഒരു ഡസൻ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും മധ്യപ്രദേശിലെ എട്ട് മുൻ മന്ത്രിമാർക്കെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

സമ്പന്നരെയും രാഷ്ട്രീയ നേതാക്കളെയും സർക്കാരുദ്യോഗസ്ഥരെയും മാത്രം ലക്ഷ്യം വെച്ചുള്ള വിപുലമായ “ഹണി-ട്രാപ്പ്” തട്ടിപ്പ് നടത്തിയിരുന്നത് അഞ്ച് സ്ത്രീകളാണ്. ഇവർ ലൈംഗികത്തൊഴിലാളികളെയും യുവ കോളജ് പെൺകുട്ടികളെയും ഉപയോഗിച്ചാണ് കെണിയൊരുക്കിയിരുന്നത്. റെയ്ഡുകളിൽ നിന്ന് കണ്ടെത്തിയ 200- ലധികം മൊബൈൽ ഫോൺ കോൺടാക്റ്റുകൾ സൂചിപ്പിക്കുന്നത് തട്ടിപ്പ് മധ്യപ്രദേശിൽ മാത്രമായി ഒതുങ്ങില്ല എന്നാണ്.

ശ്വേത ജെയിൻ (39), ശ്വേത ജെയിൻ എന്ന് തന്നെ പേരുള്ള 48 കാരി , ബർഖ സോണി (35), ആരതി ദയാൽ (34), 18 വയസുള്ള കോളജ് വിദ്യാർത്ഥിനി എന്നീ അഞ്ച് സ്ത്രീകളെയാണ് ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. ആരതി ദയാലിന്റെ ഡ്രൈവറും അറസ്റ്റിലായി.

മുൻ കോൺഗ്രസ് ഐടി സെൽ ഉദ്യോഗസ്ഥൻ അമിത് സോണിയുടെ ഭാര്യയാണ് ബർഖ സോണി.

പ്രാദേശിക സന്നദ്ധ സംഘടന നടത്തുന്ന ശ്വേത ജെയിൻ, ബി.ജെ.പി എം‌.എൽ‌.എ ബ്രിജേന്ദ്ര പ്രതാപ് സിംഗിന്റെ വീട് വാടകയ്ക്ക് എടുത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.