അനധികൃത മദ്യ വില്പന പൊലീസിനെ അറിയിച്ചു; എൻജിനീയറിങ് വിദ്യാ‍ർ‌ത്ഥി അടക്കം രണ്ട് യുവാക്കളെ കൊലപ്പെടുത്തി മൂന്നം​ഗ സംഘം

തമിഴ്‌നാട്ടിൽ അനധികൃത മദ്യ വില്പന പൊലീസിനെ അറിയിച്ചതിന് യുവാക്കളെ കൊലപ്പെടുത്തി മൂന്നം​ഗ സംഘം. മയിലാടുംതുറയിലെ മുട്ടത്താണ് എൻജിനീയറിം​ഗ് വിദ്യാ‍ർത്ഥി അടക്കം രണ്ട് യുവാക്കളെ കൊലപ്പെടുത്തിയത്. എൻജിനീയറിങ് വിദ്യാ‍ർ‌ത്ഥി ഹരിയും സുഹൃത്ത് ഹരീഷുമാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.

പ്രദേശത്തെ അനധികൃത മദ്യ വിൽപ്പനയെ ചോദ്യം ചെയ്ത യുവാക്കൾ നേരത്തെ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. ഇവരുടെ പരാതിയിൽ കേസെടുത്ത പൊലീസ് മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഇതിൽ ഒരാൾ വ്യാഴാഴ്ച ജാമ്യത്തിൽ ഇറങ്ങിയിരുന്നു.

വെള്ളിയാഴ്ച രാത്രി ഇയാൾ ഉൾപ്പെട്ട സംഘം യുവാക്കളെ അന്വേഷിച്ചു മുട്ടത്ത് എത്തുകയും വീട്ടിൽ നിന്നു വിളിച്ചിറക്കി കൊണ്ട് പോയി മർദിച്ച് ‌കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതക ശേഷം ഒളിവിൽ പോയ പ്രതികളെ ശനിയാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തു.