ഹണിട്രാപ്പ്: യുവതിക്ക് രഹസ്യ വിവരം കൈമാറിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ പിന്നെയും പാകിസ്താന്റെ പെണ്‍കെണി. ഹണി ട്രാപ്പില്‍ പെട്ട് വ്യോമസേനയുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തികൊടുത്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനായ ഇയാള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് സുപ്രധാന രേഖകളുടെ ചിത്രങ്ങളെടുക്കുകയും വാട്സ്ആപ്പ് വഴി ഒരു സ്ത്രീയ്ക്ക് അയച്ചുകൊടുക്കുകയുമായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥനെ ചോദ്യം ചെയ്തു വരികയാണ്.

ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതി ഉദ്യോഗസ്ഥനില്‍ നിന്ന് മൊബൈല്‍ നമ്പറുകളും മറ്റു വ്യക്തി വിവരങ്ങളും സ്വന്തമാക്കി. തുടര്‍ന്ന് യുവതിയുമായുള്ള രഹസ്യ ബന്ധം വെളിപ്പെടുത്തുമെന്ന ഭീഷണിയെ തുടര്‍ന്നാണ് രേഖകള്‍ കൈമാറിയത്. കെണിയില്‍ കുടുക്കാനായി വേണ്ട രഹസ്യ ചിത്രങ്ങളും വിഡിയോകളും നേരത്തെ തന്നെ യുവതി സ്വന്തമാക്കിയിരുന്നു. എന്നാല്‍ യുവതിയുടെ വ്യക്തമായ വിലാസമോ ചിത്രങ്ങളോ വെളിപ്പെടുത്തിയിരുന്നില്ല എന്നാണ് അറിയുന്നത്.

സൈനികോദ്യോഗസ്ഥരെ കെണിയില്‍ പെടുത്തുന്നതും ഭീഷണിപ്പെടുത്തി രഹസ്യങ്ങള്‍ ചോര്‍ത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ല്‍ നാവികസേനാ കമാന്‍ഡര്‍ സുഖ്ജിന്ധര്‍ സിങ്ങിന്റെ റഷ്യന്‍ യുവതിയുമായുള്ള രഹസ്യ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.