അച്ചടക്കമില്ലെങ്കിൽ താനും ഏകാധിപതിയായി മാറും, നടപടിയെടുക്കും: മുന്നറിയിപ്പുമായി സ്റ്റാലിൻ

അച്ചടക്കമില്ലായ്മയും അഴിമതിക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അഴിമതിയും അച്ചടക്കമില്ലായ്മയും വർധിച്ചാൽ താനുമൊരു ഏകാധിപതിയായി മാറുകയും നടപടിയെടുക്കുകയും ചെയ്യും. നിയമം അനുസരിച്ചു മാത്രമേ പ്രവർത്തിക്കാവൂവെന്നും അല്ലാത്തവർക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും സ്റ്റാലിൻ പറഞ്ഞു അദ്ദേഹം പറഞ്ഞു. നാമക്കലിൽ തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വതന്ത്രമായി പ്രവർത്തിക്കണമെന്നും ഒരിക്കലും ഉത്തരവാദിത്വങ്ങൾ ഭർത്താക്കൻമാർക്ക് അടിയറവെക്കരുതെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളെ അദ്ദേഹം ഓർമിപ്പിച്ചു. ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നവർ നിയമവും നീതിയും അനുസരിച്ച് പ്രവർത്തിക്കണം. അത് ആരെങ്കിലും ലംഘിച്ചാൽ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പാർട്ടി നടപടി മാത്രമല്ല ശക്തമായ നിയമനടപടികളും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നുണ്ട്, ഞാൻ കൂടുതൽ ജനാധിപത്യവാദിയായി മാറിയെന്ന്. എല്ലാവരെയും കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ മാനിക്കുകയും ചെയ്യുന്നതാണ് ജനാധിപത്യം. ആർക്കും എന്തും ചെയ്യാവുന്നതല്ല ജനാധിപത്യം. ഇതുവരെയും അത്തരക്കാരനായിട്ടില്ല എന്നാൽ അച്ചടക്കമില്ലായ്മയും അഴിമതിയും വർധിക്കുന്നപക്ഷം ഞാനും സ്വേച്ഛാധിപതിയാവുകയും അവ കൈക്കൊള്ളുകയും ചെയ്യും. തദ്ദേശ സ്ഥാപന പ്രതിനിധികളോടു മാത്രമല്ല, എല്ലാവരോടുമായാണ് താൻ ഇക്കാര്യം പറയുന്നതെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

തദ്ദേശസ്ഥാപനങ്ങൾ ജനാധിപത്യത്തിന്റെ ജീവനാഡിയാണെന്ന ഇ.വി രാമസ്വാമിയുടെയും രാജാജിയുടെയും വാക്കുകൾക്ക് താൻ അടിവരയിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അധികാരത്തിലെത്തിയ എളുപ്പമാർഗത്തിലൂടെയല്ലെന്നും കോടിക്കണക്കിന് നിസ്വാർഥരായ പ്രവർത്തകരുടെ അധ്വാനത്തിലൂടെയാണെന്നും സ്റ്റാലിൻ പറഞ്ഞു. താൻ മുഖ്യമന്ത്രിയായതും അഞ്ച് പതിറ്റാണ്ട് കാലം ജനങ്ങൾക്കുവേണ്ടി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായാണെന്നും അദ്ദേഹം പറഞ്ഞു.