എന്റെ ഫോൺ ക്യാമറയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുയാണ്, കേന്ദ്ര സർക്കാരിനെയും പ്ലാസ്റ്റർ ചെയ്യണം: മമതാ ബാനർജി

കേന്ദ്ര സർക്കാരിനെതിരായ പെഗാസസ് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ അണിനിരക്കാൻ പ്രതിപക്ഷത്തോട് ആഹ്വാനം ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

“മൂന്ന് കാര്യങ്ങളാണ് ജനാധിപത്യത്തെ സൃഷ്ടിക്കുന്നത് – മാധ്യമങ്ങൾ, ജുഡീഷ്യറി, തിരഞ്ഞെടുപ്പ് കമ്മീഷൻ – പെഗാസസ് ഇവ മൂന്നും പിടിച്ചെടുത്തു,” എന്ന് മമതാ ബാനർജി പറഞ്ഞു. മമതാ ബാനർജിയുടെ അനന്തരവനും മുതിർന്ന പാർട്ടി നേതാവുമായ അഭിഷേക് ബാനർജിയും പെഗാസസ് വഴി ഫോൺ ചോർത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു എന്നാണ് റിപ്പോർട്ട്.

ഇസ്രയേൽ മിലിട്ടറി ഗ്രേഡ് സ്പൈവെയർ പെഗാസസിനെ “അപകടകരമായത്”, “ക്രൂരം” എന്നീ വിശേഷണങ്ങൾ നൽകിയ മമതാ ബാനർജി തന്റെ ഫോണും കേന്ദ്രം ചോർത്തുന്നുണ്ടെന്നും അതിനാൽ തന്നെ മറ്റ് പ്രതിപക്ഷ നേതാക്കളുമായി സംസാരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പറഞ്ഞു.

“എനിക്ക് ഇപ്പോൾ ഡൽഹി മുഖ്യമന്ത്രി, ഗോവ മുഖ്യമന്ത്രി, ശരദ് പവാർ എന്നിവരോടൊന്നും സംസാരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഞാൻ എന്റെ ഫോൺ ക്യാമറയിൽ പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുയാണ്. അതുപോലെ കേന്ദ്ര സർക്കാരിനെയും പ്ലാസ്റ്റർ ചെയ്യണം,” മമതാ ബാനർജി പറഞ്ഞു.