നരേന്ദ്രമോദി നാണംകെട്ട പ്രധാനമന്ത്രി, തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം പ്രോത്സാഹിക്കുന്നതിന് സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും മമത

ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷം പശ്ചിമ ബംഗാളിലെ 40 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. നരേന്ദ്രമോദി രാജ്യത്തെ ഏറ്റവും നാണംകെട്ട പ്രധാനമന്ത്രിയാണെന്ന് മമത കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം പ്രോത്സാഹിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നും തൃണമൂല്‍ നേതാവ് ആവശ്യപ്പെട്ടു.

മോദി ഭരണഘടനാവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മമത കുറ്റപ്പെടുത്തി. “ഇന്നലെ മോദി ഒരു റാലിയില്‍ പറഞ്ഞത് തൃണമൂലിലെ 40 എംഎല്‍മാര്‍ ബിജെപിയിലേക്ക് ചേരുമെന്നാണ്. അദ്ദേഹം ഒരു നാണംകെട്ട പ്രധാനമന്ത്രിയാണ്. കാരണം ഒരു പ്രധാനമന്ത്രി കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പാര്‍ട്ടി ഞങ്ങളുടെ പാര്‍ട്ടിയെ പോലെയല്ല. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പണത്തിന് വേണ്ടി കള്ളത്തരങ്ങള്‍ മാത്രം കാണിക്കുന്നു. ഞങ്ങള്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരാണ് വലുത്”- മമത ബാനര്‍ജി പറഞ്ഞു.

“എനിക്ക് മോദി പറഞ്ഞ കാര്യത്തെ കുറിച്ച് ഓര്‍ത്ത് യാതൊരു വിഷമവുമില്ല. ഒരു പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടാല്‍ ഒരു ലക്ഷം പ്രവര്‍ത്തകരെ ഞാന്‍ സൃഷ്ടിക്കും. കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണം”- മമത പറഞ്ഞു. ഹൂഗ്ലി ജില്ലയിലെ ഭദ്രേശ്വറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍  സംസാരിക്കുകയായിരുന്നു അവര്‍.

“ദീദീ 23ാം തിയതി വോട്ടെണ്ണുന്ന ദിവസം എല്ലായിടത്തും താമര വിരിയും. നിങ്ങളുടെ എം.എല്‍.എമാര്‍ നിങ്ങളെ വിട്ട് ഓടും. ഇന്നുപോലും, നിങ്ങളുടെ 40എംഎല്‍എമാര്‍ എന്നെ വിളിച്ചിരുന്നു.”- എന്നായിരുന്നു ബംഗാളിലെ സെരംപൂറില്‍ നടന്ന റാലിയില്‍ മോദി പറഞ്ഞിരുന്നത്.