ഒരു വർഷത്തിലേറെയായി ഭർത്താവ് ടോയ്‌ലറ്റിൽ പൂട്ടിയിട്ടിരിക്കുകയായിരുന്ന സ്ത്രീയെ രക്ഷപ്പെടുത്തി

ഹരിയാനയിലെ റിഷ്പൂർ ഗ്രാമത്തിൽ ഒരു വർഷത്തിലേറെയായി ഭർത്താവ് ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്ന സ്ത്രീയെ വനിതാ സംരക്ഷണ, ബാലവിവാഹ നിരോധന ഓഫീസർ രജനി ഗുപ്തയും സംഘവും ചേർന്ന് രക്ഷപ്പെടുത്തി.

സ്ത്രീയെ പൂട്ടിയിട്ടിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് രക്ഷപ്പെടുത്തുകയായിരുന്നു എന്ന് രജനി ഗുപ്ത പറഞ്ഞതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

“ഒരു വർഷത്തിലേറെയായി ഒരു സ്ത്രീയെ ടോയ്‌ലറ്റിൽ പൂട്ടിയിട്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചു. ഞാൻ എന്റെ സംഘത്തോടൊപ്പം ഇവിടെയെത്തി. ലഭിച്ച വിവരം ശരിയാണെന്ന് ഇവിടെ എത്തിയപ്പോൾ ഞങ്ങൾക്ക് മനസ്സിലായി. സ്ത്രീ ദിവസങ്ങളോളം ഒന്നും കഴിച്ചിട്ടില്ലായിരുന്നു,” രജനി ഗുപ്ത പറഞ്ഞു.

“സ്ത്രീക്ക് മാനസിക പ്രശനങ്ങൾ ഉണ്ടെന്നാണ് പറഞ്ഞിരുന്നത്, പക്ഷേ അത് ശരിയല്ല. ഞങ്ങൾ അവളോട് സംസാരിച്ചു, അവൾക്ക് മാനസികമായി കുഴപ്പം ഉള്ളതായി തോന്നിയില്ല. മാനസികമായി കുഴപ്പം ഉണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ സ്ഥിരീകരിക്കാൻ കഴിയില്ല, എന്തായാലും യുവതിയെ ടോയ്‌ലറ്റിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഞങ്ങൾ യുവതിയെ രക്ഷപ്പെടുത്തി, മുടി കഴുകി. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതനുസരിച്ച് പൊലീസ് നടപടിയെടുക്കും,” രജനി ഗുപ്ത കൂട്ടിച്ചേർത്തു.

അതേസമയം സ്ത്രീ മാനസികരോഗിയാണെന്നാണ് ഭർത്താവ് അവകാശപ്പെടുന്നത്. പുറത്ത് ഇരിക്കാൻ ആവശ്യപ്പെട്ടാൽ കേൾക്കില്ലെന്നും, ഡോക്ടർമാരെ കാണിച്ചെങ്കിലും മാനസിക നിലയിൽ ഒരു പുരോഗതിയും ഉണ്ടായില്ല എന്നും ഇയാൾ പറഞ്ഞു.

നരേഷ് എന്ന ഭർത്താവ് പൂട്ടിയിട്ട യുവതിയെ രജനി ഗുപ്ത രക്ഷപ്പെടുത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, അന്വേഷണത്തിന് ശേഷം നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു. സ്ത്രീക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഡോക്ടറുടെ ഉപദേശം സ്വീകരിച്ച ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.