മോദിയെ പുകഴ്ത്തിയും, രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രശംസിച്ചും ഹാര്‍ദിക് പട്ടേല്‍; ബി.ജെ.പിയിലേക്ക് എന്ന് സൂചന

ഗുജറാത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്ന വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്കെന്ന് സൂചന. ഭാവി നോക്കേണ്ടതുണ്ടെന്നും, കൂടുതല്‍ സാധ്യതകള്‍ എപ്പോഴും നിലവിലുണ്ടെന്നും ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പട്ടേല്‍ പറഞ്ഞു. ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ അദ്ദേഹം തള്ളിയില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയും, രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രശംസിച്ചും പട്ടേല്‍ രംഗത്ത് വന്നത് ബിജെപിയിലേക്ക് ഹാര്‍ദിക് പട്ടേല്‍ പോകുമെന്ന ചര്‍ച്ചകള്‍ ശക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന നേതൃത്വം മനഃപൂര്‍വം തന്നെ അവഗണിക്കുകയാണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്റിനോട് പരാതിയില്ലെന്നും, രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നതെന്നുമാണ് പട്ടേല്‍ പറഞ്ഞത്.

നേരത്തെ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പാര്‍ട്ടി യോഗങ്ങളിലേക്ക് തന്നെ ക്ഷണിക്കുന്നില്ല. തീരുമാനങ്ങളെടുക്കുമ്പോള്‍ അഭിപ്രായം ചോദിക്കുന്നില്ല. അടുത്തിടെ പാര്‍ട്ടി 75 പുതിയ ജനറല്‍ സെക്രട്ടറിമാരെയും 25 വൈസ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തന്നോട് ഒരഭിപ്രായവും ചോദിച്ചില്ല. ഏതെങ്കിലും പ്രധാനപ്പെട്ട നേതാക്കള്‍ ഉള്‍പ്പെടാതെ പോയോ എന്നെങ്കിലും ചോദിക്കാമായിരുന്നുവെന്ന് ഹാര്‍ദിക് പറഞ്ഞിരുന്നു.

പട്ടേല്‍ വിഭാഗത്തിലെ മറ്റൊരു നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ പ്രശാന്ത് കിഷോര്‍ നടത്തിയ നീക്കങ്ങളും പട്ടേലിനെ പ്രകോപിപ്പിച്ചു.

ഇതിന് പിന്നാലെയാണ് ഗുജറാത്തി പത്രത്തിന് നല്‍കിയ അഭിമുഖത്തിലെ ബിജെപി പ്രശംസ. കശ്മീരിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനേയും ഹാര്‍ദിക് പിന്തുണച്ചു. അഭിമുഖം പുറത്ത് വന്നതോടെയാണ് ഹാര്‍ദിക് ബിജെപിയിലേക്ക് പോകുമോ എന്ന് സംശയം ഉയര്‍ന്നിരിക്കുന്നത്.