തമിഴ്‌നാട്ടില്‍ വീണ്ടും സര്‍ക്കാര്‍ ഗവര്‍ണര്‍ പോര്; അഴിമതി കേസില്‍ രാജിവെച്ച പൊന്മുടിയെ മന്ത്രിയാക്കാനാകില്ലെന്ന് രാജ്ഭവന്‍; സ്റ്റാലിന്റെ നിര്‍ദേശം തള്ളി

തമിഴ്‌നാട്ടില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് വീണ്ടും കനക്കുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായിരുന്ന മുന്‍ മന്ത്രിയും ഡിഎംകെ നേതാവുമായ കെ.പൊന്മുടിയെ വീണ്ടും മന്ത്രിയാക്കില്ലെന്ന് ഗവര്‍ണര്‍ ആര്‍.എന്‍. രവി നിലപാട് എടുത്തതാണ് തര്‍ക്കം മുറുകാന്‍ കാരണം.

കെ. പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന് സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നല്‍കിയ ശുപാര്‍ശ രാജ്ഭവന്‍ തള്ളി. പൊന്മുടിയെ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. അനധികൃത സ്വത്ത് സമ്പാദന കേസിലെ ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതിനാല്‍ സത്യപ്രതിജ്ഞ നടത്താനാകില്ലെന്ന് രാജ്ഭവന്‍ സ്റ്റാലിന് മറുപടി നല്‍കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read more

മന്ത്രിയാക്കുന്നതിനുള്ള സ്റ്റാലിന്‍ കത്ത് നല്‍കിയതിന് പിന്നാലെ ഗവര്‍ണര്‍ ഡല്‍ഹിയിലെത്തി നിയമവിദഗ്ധരുമായി ചര്‍ച്ച നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ അടക്കം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാലും പുതിയ മന്ത്രിയെ നിയമിക്കാനാവില്ലെന്നാണ് രാജ്ഭവന്‍ നിലപാട് എടുത്തിരിക്കുന്നത്.