വരന് സിബില്‍ സ്‌കോര്‍ കുറവ്; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവും കുടുംബവും

വിവിധ കാരണങ്ങളാല്‍ വിവാഹങ്ങള്‍ മുടങ്ങുന്ന വാര്‍ത്തകള്‍ സാധാരണയാണ്. സിബില്‍ സ്‌കോര്‍ വിവാഹം മുടക്കിയ സംഭവം രാജ്യത്ത് തന്നെ ആദ്യമാണ്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. വരന്റെ സിബില്‍ സ്‌കോര്‍ കുറവാണ് എന്ന കാരണത്താല്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹം വധുവിന്റെ വീട്ടുകാര്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

മഹരാഷ്ട്രയിലെ മുര്‍തിസാപുരിലാണ് സംഭവം നടന്നത്. വധു വരന്മാരുടെ വീട്ടുകാര്‍ ഉള്‍പ്പെടെ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു വിവാഹം. ഇതിന് ശേഷം വധുവിന്റെ അമ്മാവന്‍മാരിലൊരാള്‍ വരന്റെ സിബില്‍ സ്‌കോര്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വരന്റെ സിബില്‍ സ്‌കോര്‍ കുറവാണെന്ന് വധുവിന്റെ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ വരന്റെ പേരില്‍ വിവിധ ബാങ്കുകളില്‍ വായ്പകളുള്ള കാര്യവും പുറത്തുവന്നു. കുറഞ്ഞ സിബില്‍ സ്‌കോര്‍ സൂചിപ്പിക്കുന്നത് മോശം ക്രെഡിറ്റ് ഹിസ്റ്ററിയാണ്. ലോണുകളുടെ തിരിച്ചടവുകള്‍ കൃത്യമല്ലാത്തതാണ് സിബില്‍ കുറയുന്നതിനുള്ള കാരണങ്ങളിലൊന്ന്.

സാമ്പത്തിക അച്ചടക്കമില്ലാത്ത വരനെ വേണ്ടെന്ന് വധുവിന്റെ അമ്മാവന്‍ ഉറപ്പിച്ച് പറഞ്ഞു. ഇതോടെയാണ് വധുവിന്റെ ബന്ധുക്കള്‍ വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ചത്.