ജനനേന്ദ്രിയങ്ങളില്‍ ഷോക്കടിപ്പിച്ചു, കരച്ചില്‍ റെക്കോഡ് ചെയ്ത് കേള്‍പ്പിച്ചു; കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ വെളിപ്പെടുത്തി വസ്തുതാന്വേഷണ സംഘം

ജമ്മു കശ്മീരില്‍ സാധാരണനില പുനഃസ്ഥാപിച്ചെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ  വാദം. എന്നാല്‍ ഈ വാദഗതികളെല്ലാം പൊളിച്ചെഴുതുകയാണ് വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സൈന്യം അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ടെന്നാണ് സംഘത്തിന്റെ  വെളിപ്പെടുത്തല്‍.

ഇരകളെ മര്‍ദ്ദിക്കുമ്പോള്‍ അവരുടെ കരച്ചില്‍ റെക്കോഡ് ചെയ്യുകയും പിന്നീട് ലൗഡ് സ്പീക്കറില്‍ കേള്‍പ്പിക്കുകയും ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനനേന്ദ്രിയങ്ങളില്‍ ഇലക്ട്രിക് ഷോക്കടിപ്പിച്ചെന്നും അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളേയും കുട്ടികളേയും ലൈംഗികമായി ചൂഷണം ചെയ്തു.  വിവരങ്ങള്‍ പറഞ്ഞു തന്നെങ്കിലും സൈന്യത്തെ ഭയന്ന് ഇരകളോ സാക്ഷികളോ തങ്ങളുടെ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.

അഭിഭാഷകരായ ആരതി മുണ്ഡേക്കര്‍, ലാറാ ജെസാനി, മിഹിര്‍ ദേശായി, ക്ലിഫ്ടണ്‍ ഡി റൊസാരിയോ, വീണാ ഗൗഡ, സാരംഗ ഉഗല്‍മുഗ്‌ലെ, മനശ്ശാസ്ത്രജ്ഞന്‍ അമിത് സെന്‍, ട്രേഡ് യൂണിയന്‍ നേതാവ് ഗൗതം മോദി, ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ നഗരി ബബയ്യ, രാംദാസ് റാവു, സ്വാതി ശേഷാദ്രി എന്നിവരടങ്ങിയ സംഘമാണ് സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ നാലുവരെ കശ്മീര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. താഴ്‌വരയിലെ അഞ്ച് ജില്ലകള്‍ സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്‍ട്ട്.

നേരത്തെ ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ബി.സിയില്‍ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു. അതിനുശേഷം ഷോപിയാനിലെ ഒരു ഗ്രാമത്തില്‍ സുരക്ഷാസേന എത്തി അവരെ ഉപദ്രവിച്ചു. മാധ്യമങ്ങളോട് കാര്യങ്ങള്‍ തുറന്നു പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്ന് സംഘത്തിലുള്ള സാരംഗ ഉഗല്‍മുഗ്‌ലെ പറഞ്ഞു.

ഉദ്യോഗസ്ഥരടങ്ങിയ ചെറിയ വിഭാഗത്തിനു മാത്രമേ ഫോണ്‍ സൗകര്യം കിട്ടിയിട്ടുള്ളൂവെന്നും അവര്‍ വെളിപ്പെടുത്തി.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വസ്തുതാന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവരും പുറത്തിറങ്ങിയെന്നു കാണിക്കാനായി കേന്ദ്രം കൃത്രിമമായി ട്രാഫിക് ബ്ലോക്കുകള്‍ സൃഷ്ടിക്കുകയും മുഖ്യധാരാ മാധ്യമങ്ങള്‍ അതു പ്രചരിപ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമെല്ലാം സായുധ സേനാവിഭാഗങ്ങളുടെ ലൈംഗികാക്രമണങ്ങള്‍ക്കും മര്‍ദ്ദനങ്ങള്‍ക്കും ഇരയായിട്ടുണ്ട്. രാത്രിയില്‍ മദ്യപിച്ചെത്തുന്ന സംഘം ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു മര്‍ദ്ദിച്ചു എന്നതടക്കം കശ്മീര്‍ താഴ്‌വരയിലെ സ്ത്രീകള്‍ പറഞ്ഞു.

നീതി ലഭിക്കാത്തതോടെ കശ്മീരിലെ അഭിഭാഷകര്‍ക്കു പോലും ജുഡിഷ്യറിയിലുള്ള വിശ്വാസം കുറഞ്ഞു വരികയാണ്. കശ്മീരില്‍ കോടതികള്‍ ഇപ്പോഴും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടില്ല. ഒരു വിഭാഗത്തെ സര്‍ക്കാര്‍ എല്ലാ അധികാരവും ഉപയോഗിച്ച് ഇല്ലാതാക്കുന്നതാണ് കശ്മീരില്‍ കണ്ടത്. തങ്ങള്‍ മനുഷ്യരാണെന്നും മനുഷ്യാവകാശങ്ങളും പരിഗണനകളും ഉണ്ടെന്നും അതു സൈന്യം മറക്കുന്നെന്നും സ്ത്രീകള്‍ ഞങ്ങളോടു പറഞ്ഞു.’ സംഘം വിശദീകരിച്ചു.

ആയിരക്കണക്കിനാളുകളെയാണ് അന്യായമായി അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭരണകൂടത്തിന് മാത്രമേ ഇതേ കുറിച്ച് ധാരണയുള്ളു. 13000-ത്തിലധികം ആളുകള്‍ തടവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതേ കുറിച്ച് പരാതിപ്പെടാനോ അന്വേഷിക്കാനോ നിര്‍വ്വാഹമില്ല. കോടതികളെ സമീപിക്കാനോ ഒരു പൊതുതാത്പര്യ ഹരജി നല്‍കാനോ കഴിയില്ല. അതിന് വിരുദ്ധമായി അവര്‍ പി.എസ്.എ (പബ്ലിക് സേഫ്റ്റി ആക്ട്) കൊണ്ടു വരും. പിന്നീട് അവരെ ഒരിക്കലും ജയിലില്‍ നിന്ന് മോചിപ്പിച്ചെന്നു വരില്ല- ഇങ്ങനെയാണ് കശ്മീരിലെ ജനങ്ങള്‍ പറയുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.താഴ്‌വരിലെ 70 ശതമാനം ആളുകളും കടുത്ത മാനസികപ്രശ്‌നങ്ങളിലൂടെയാണു കടന്നു പോകുന്നതെന്നും സംഘത്തിലുള്ള അമിത് സെന്‍ പറഞ്ഞു.