പ്രതിരോധ പരീക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ മേഖലയുമായി പങ്ക് വെയ്ക്കുമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ പ്രതിരോധ ഉപകരണ നിർമ്മാണ മേഖലയ്ക്കും ഉപയോഗപ്പെടുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ഇന്ത്യന്‍ വ്യോമസേനയുടെ  തദ്ദേശവത്കരണ പദ്ധതികള്‍ തീരുമാനിക്കുന്ന സെമിനാറിലാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ച ഒദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും  രാജ്‌നാഥ് സിംഗ് അറിയിച്ചു.

സര്‍ക്കാരിന്റെ പരീക്ഷണ സംവിധാനങ്ങള്‍ സ്വകാര്യ  നിര്‍മ്മാതാക്കളും ഉപയോഗിക്കുന്നത് പ്രതിരോധമേഖലയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കും. കൂടാതെ സ്വകാര്യ പ്രതിരോധ മേഖല നേരിടേണ്ടി വരുന്ന തടസ്സങ്ങള്‍ പുതിയ നീക്കത്തിലൂടെ മറി കടക്കാനാവുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഇന്ത്യന്‍ വ്യോമസേന സാങ്കേതികമായി മികച്ചതും വളരെ ശക്തവുമാണ്. അടുത്തകാലത്ത് അയല്‍രാജ്യത്തെ തീവ്രവാദികളുമായി നടന്ന യുദ്ധം ഇത് തെളിയിച്ചുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍   222 സ്വകാര്യ കമ്പനികളാണ് പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രതിരോധ മേഖലയിലും സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തുന്നതാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.