ലോകത്തെ പ്രമുഖരായ നേതാക്കള്‍ പങ്കെടുക്കുന്ന ജി 20 ഉച്ചകോടി രാജ്യ തലസ്ഥാനത്തു തുടങ്ങാനിരിക്കെ ചേരികൾ മറയ്ക്കുന്ന പതിവ് ആവർത്തിച്ചു കേന്ദ്രസർക്കാർ. വിദേശ രാഷ്ട്രത്തലവന്മാര്ക്ക് മുന്നില്‍ മേനി നടിക്കാന്‍ ഡൽഹിയിലെ ചേരികള്‍ മറയ്ക്കുന്ന തിരക്കിലാണ് അധികൃതർ. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാൻ സാധ്യതയുള്ള മേഖലകളിലാണ് നെറ്റ് ഉപയോഗിച്ച് ചേരികളിലെ വീടുകള്‍ മറയ്ക്കുന്നത്. ഡല്‍ഹിയിലെ ജി 20യുടെ പ്രധാന വേദിയ്ക്ക് സമീപത്തെ ചേരി അധികൃതർ നേരത്തെ പൊളിച്ച് മാറ്റിയിരുന്നു.
2020 ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദർശന വേളയില്‍ ഗുജറാത്തില്‍ മതില് പണിതാണ് ചേരി മറച്ചത്. ഗുജറാത്ത് മോഡല്‍ വികസനത്തിന്റെ പേര് പറഞ്ഞു ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ രാഷ്ട്രീയ ഗിമ്മിക്കുകള്‍ പയറ്റുന്നതിന് ഇടയിലായിരുന്നു ഗുജറാത്തിലെ ചേരി ട്രംപിന്റെ സന്ദര്‍ശന വേളയില്‍ മറച്ചത്. സംഭവം ഏറെ വിവാദമായിരുന്നു. അതിന് സമാനമാണ് നിലവില്‍ ഡല്‍ഹിയിലും ഇപ്പോള്‍ നെറ്റിട്ട് ചേരി മറയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി.
ലോകത്തെ പ്രമുഖരായ നേതാക്കള്‍ പങ്കെടുക്കുന്ന ജി20ക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമ്പോഴും മോദി സർക്കാർ പഴയ ഈ പതിവ് ആവർത്തിക്കുകയാണ്. പ്രധാനവേദിയായ പ്രഗതി മൈതാനിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്നു ചേരി നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. ഇവിടെ അൻപതോളം വീടുകള്‍ പൊളിച്ചു നീക്കി.
ജി 20 തുടങ്ങാൻ ദിവസങ്ങള്‍ ശേഷിക്കെ നഗരത്തിലെ പ്രധാന മേഖലയായ മുനീർക്കയിലെ ചേരിയാണ് ഇപ്പോൾ മറച്ചിരിക്കുന്നത്. ഗ്രീൻ നെറ്റ് ഉപയോഗിച്ച് ചേരിയിലെ വീടുകള്‍ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിലാണ് മറയുള്ളത്. ചേരിയിലുള്ളവർ പുറത്തിറങ്ങുന്ന വഴി മാത്രമാണ് തുറന്നിട്ടുള്ളത്. ഗ്രീൻ നെറ്റിന് മുകളില്‍ ജി20യുടെ പരസ്യ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
Read more
വിമാനത്താവളത്തിന് സമീപത്തെ കോളനികളിലെ പുറത്ത് കാണുന്ന ഭാഗവും ഈ വിധം പരസ്യ ബോര്‍ഡുകള്‍ ഉപയോഗിച്ച് മറിച്ചിട്ടുണ്ട്. സെപ്റ്റംബർ 9 , 10 തീയ്യതികളിലാണ് ഡൽഹിയിൽ ജി 20 യോഗം നടക്കുന്നത്. ഇതിനും രണ്ട് ദിവസം മുൻപ് തന്നെ നേതാക്കള്‍ എത്തി തുടങ്ങും. പത്താം തീയ്യതി ജി 20 യോഗം അവസാനിച്ച് നേതാക്കള്‍ എല്ലാം ഇന്ത്യ വിട്ട ശേഷം മാത്രമായിരിക്കും ചേരിയെ മറച്ചിരിക്കുന്നതെല്ലാം അഴിച്ച് മാറ്റുക.







