ഇന്ധന വിലക്കയറ്റം; പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ജനങ്ങള്‍ തീരാദുരിതത്തിലെന്ന് രാഹുല്‍ഗാന്ധി

ഇന്ധന വിലക്കയറ്റത്തിന് എതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഡല്‍ഹിയില്‍ തുടക്കം. വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധ പ്രകടനം നടത്തി. വിലക്കയറ്റ രഹിത ഭാരത പ്രചാരണം എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രതിഷേധ പരിപാടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്തു.

ഗ്യാസ് സിലിണ്ടറിന് മാലയിട്ടും, വീണുകിടക്കുന്ന ഇരുചക്രവാഹത്തില്‍ പൂക്കളര്‍പ്പിച്ചുമായിരുന്നു പ്രതിഷേധം. വിലവര്‍ദ്ധനവിനെ തുടര്‍ന്ന് ജനങ്ങള്‍ തീരാദുരിതത്തിലാണ്. ശക്തമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ആഹ്വാനം ചെയ്യുന്നത്. വിലക്കയറ്റം നിയന്ത്രിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലോക്സഭയിലെ കക്ഷി നേതാവ് ആദിര്‍ രഞ്ജന്‍ ചൗധരി, കെ സി വേണുഗോപാല്‍ എന്നിവരടക്കമുള്ള നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. സംയുക്ത പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എല്ലാ പാര്‍ട്ടികളേയും സഹകരിപ്പിച്ച് മുന്നോട്ട് പോകുമെന്നും. രാജ്യ വ്യാപക പ്രതിഷേധം ഇതിനുള്ള ആദ്യ പടിയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

ഏപ്രില്‍ 2 നും 4 നും ഇടയില്‍ ജില്ലാതല പ്രചാരണ പരിപാടികളും ജാഥകളും പി.സി.സി കളുടെ നേതൃത്വത്തില്‍ നടക്കും. ഏപ്രില്‍ ഏഴിന് സംസ്ഥാന തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നതോടെ പരിപാടികള്‍ അവസാനിക്കും.

വില വര്‍ധയില്‍ ലോകസഭയില്‍ അടിയന്തര പ്രമേയത്തിനും കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, വി കെ ശ്രീകണ്ഠന്‍ എന്നിവരാണ് നോട്ടീസ് നല്‍കിയത്.

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇന്ധനവിലയിലും, പാചകവാതക വിലയിലും വലിയ വര്‍ദ്ധനയാണ് ഉണ്ടായത്. ഇന്ധനവില തുടര്‍ച്ചയായി ഒമ്പതാം ദിവസവും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 97 പൈസയാണ് കൂട്ടിയത്. ഡീസലിന്റെ വില 6 രൂപ 70 പൈസയും ആയി.