ഇന്ധന സെസ്; കേരള നേതാക്കളോട് ചോദിക്കൂവെന്ന് യെച്ചൂരി

ഇന്ധന സെസ് ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് കേരള നേതാക്കളോട് ചോദിക്കണമെന്ന് സീതാറാം യെച്ചൂരി. ദേശീയ രാഷ്ട്രീയത്തെക്കുറിച്ചാണെങ്കില്‍ തന്നോട് ചോദിക്കൂവെന്നും യെച്ചൂരി പറഞ്ഞു.

സംസ്ഥാന ബജറ്റിലെ നികുതി വര്‍ദ്ധനയെ പൂര്‍ണ്ണമായി ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ എന്നായിരുന്നു കാനം രാജേന്ദ്രന്റെ ചോദ്യം. കേന്ദ്രം പണം തന്നില്ലെങ്കില്‍ വികസന പ്രവര്‍ത്തനം ഏങ്ങനെ നടത്തും. എന്നാല്‍ ജനങ്ങളുടെ പ്രതികരണം മുന്നണി ചര്‍ച്ച ചെയ്യുമെന്നും ജനവികാരം ധനമന്ത്രിയെ അറിയിക്കുമെന്നും കാനം പറഞ്ഞു.

സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് ഉയര്‍ത്താനുള്ള നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും അദേഹം പറഞ്ഞു.

ബജറ്റിലേതു നിര്‍ദേശങ്ങളാണ്. ചര്‍ച്ചകള്‍ നടത്തിയാവും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് ഗോവിന്ദന്‍ പറഞ്ഞു. കേരളം ഉയര്‍ത്തുന്ന ബദല്‍ വികസന മാതൃകയെ തകര്‍ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ അതിനെ പിന്തുണയ്ക്കുകയാണെന്നും അദേഹം കുറ്റപ്പെടുത്തി.