അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ 1119 കോടി രൂപ നികുതിയിളവ് നൽകി, ഫ്രഞ്ച് പത്രത്തിന്റെ നിർണായക വെളിപ്പെടുത്തൽ

റഫാൽ ഇടപാടിൽ പുതിയ വെളിപ്പെടുത്തലുകളുമായി പ്രമുഖ ഫ്രഞ്ച് ദിനപത്രം ലെ മോണ്ടെ . അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ 14.30 കോടി യൂറോ 1119 കോടി രൂപ നികുതി ഇളവ് നൽകിയെന്നാണ് വെളിപ്പെടുത്തൽ. ഇന്ത്യയും ഫ്രഞ്ച് കമ്പനിയായ ദസോയുമായി യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന് കരാർ ഒപ്പിട്ടതിന് തൊട്ടു പിന്നാലെയാണ് ഈ നികുതിയിളവ് നൽകിയിരിക്കുന്നത്.

അനിൽ അംബാനിയുടെ ഫ്രാൻസ് ആസ്ഥാനമായുള്ള “റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്” എന്ന കമ്പനിക്ക് നികുതി ഇളവ് നൽകിയെന്നാണ് പത്രം റിപ്പോ‍ർട്ട് ചെയ്യുന്നത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 15.10 കോടി ഡോളറാണ് നികുതി ഇനത്തിൽ നൽകേണ്ടിയിരുന്നത്. എന്നാൽ എഴുപതു ലക്ഷം യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിച്ചു. വൻകടക്കെണിയിൽ അകപ്പെട്ടിരുന്ന കമ്പനിയുടെ സാമ്പത്തികസ്ഥിതി രൂക്ഷമായ അവസ്ഥയിലാണ് നികുതി ഇളവ് നൽകിയത്.

ഈ കേസിൽ അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വാ ഒലാന്ദുമായി ചര്‍ച്ച നടത്തി 36 റഫാൽ പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്. പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് നികുതി ഒഴിവാക്കി കൊടുത്തത്.