തനിക്കെതിരെ കുറ്റപത്രമില്ല, നിയമത്തില്‍ വിശ്വാസമുണ്ട്, ഒളിച്ചോടിയിട്ടുമില്ല; ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത്, അറസ്റ്റ് ചെയ്‌തേക്കും

ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഇതുവരെ കേസില്‍ വ്യക്തമായ തെളിവുകളില്ലെന്നും പി. ചിദംബരം. 24 മണിക്കൂര്‍ അജ്ഞാതവാസത്തിന് എഐസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ലെന്നും ചിദംബരം പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നിയമത്തില്‍ വിശ്വാസമുണ്ട്. നിയമത്തെ മാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണം. അറസ്റ്റില്‍ പരിരക്ഷയാണ് ആവശ്യപ്പെട്ടതെന്നും അത് പൗരന്റെ അവകാശമാണെന്നും ചിദംബരം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

സിബിഐ സംഘം എഐസിസി ആസ്ഥാനത്തേക്ക് പുറപ്പെട്ടെന്ന വിവരത്തെത്തുടര്‍ന്ന് ചിദംബരം ധൃതിപ്പെട്ട് എഐസിസി ആസ്ഥാനത്ത് നിന്ന് മടങ്ങി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെയാണ് ചിദംബരം മടങ്ങിയത്. കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണിപ്പോള്‍.

പി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യത്തിനായുള്ള അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി വൈകുന്നേരം അറിയിച്ചുരുന്നു. നിയമപരമായ നടപടിക്രമങ്ങള്‍ എല്ലാം പാലിച്ച് മാത്രമേ ഹര്‍ജി പരിഗണിക്കൂ എന്നാണ് അറിയുന്നത്. ഇന്ന് ജസ്റ്റിസ് എന്‍. വി രമണയുടെ കോടതിയില്‍ ഹര്‍ജി പരിഗണിക്കുന്നതിന് ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബല്‍ രണ്ടു തവണ ശ്രമിച്ചുവെങ്കിലും അദ്ദേഹം ചീഫ് ജസ്റ്റിസിന്റെ പരിഗണക്ക് വിടുകയായിരുന്നു. കേസ് ലിസ്റ്റ് ചെയ്യുന്നത് വരെ അറസ്റ്റ് ഒഴിവാക്കണമെന്ന കപില്‍ സിബലിന്റെ അപേക്ഷയും കോടതി അനുവദിച്ചില്ല.

ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ചിദംബരത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണനക്ക് എടുത്തില്ല. ലിസ്റ്റ് ചെയ്യാത്ത കേസ് എങ്ങനെ പരിഗണിക്കുമെന്ന് ജസ്റ്റിസ് എന്‍. വി രമണ ചോദിച്ചു. ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സി.ബി.ഐക്ക് തടസ്സമുണ്ടാകില്ല. ഹര്‍ജിയില്‍ സാങ്കേതിക പിഴവുള്ളതിനാലാണ് ഹര്‍ജി ഇന്ന് പരിഗണിക്കുന്നത് മാറ്റിയത്. ഇത് തിരുത്തി പുതിയ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ലിസ്റ്റ് ചെയ്ത കേസായി സുപ്രീം കോടതിയുടെ പരിഗണനയില്‍ ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വരാത്ത സാഹചര്യത്തില്‍ സിബിഐയ്ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിന് നിയമപരമായി തടസ്സമുണ്ടാകില്ല. കേസില്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പി. ചിദംബരത്തിന്റെ ഹര്‍ജിക്കെതിരെ സുപ്രീം കോടതിയില്‍ സി ബി ഐ തടസ്സഹര്‍ജി സമര്‍പ്പിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇത്തരം ഒരു ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചു.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ജസ്റ്റിസ് രമണ നിരാകരിച്ചു. കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത് വരെ അറസ്റ്റ് ഒഴിവാക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. മുതിര്‍ന്ന അഭിഭാഷകരായ വിവേക് തന്‍ഖാ , സല്‍മാന്‍ ഖുര്‍ഷിദ്, ടയന്‍ കൃഷ്ണന്‍ എന്നിവരും ചിദംബരത്തിന് വേണ്ടി ഹാജരായിരുന്നു.

ജാമ്യഹര്‍ജി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത എതിര്‍ത്തു. “സുപ്രധാന കേസാണിത്” എന്നു പറഞ്ഞായിരുന്നു മെഹ്ത ജാമ്യഹര്‍ജിയെ എതിര്‍ത്തത്. അതിനിടെ, ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നടപടികളുമായി സി.ബി.ഐ മുന്നോട്ടു പോകുകയാണ്. അദ്ദേഹം ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ചിദംബരത്തിനായി സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.