ചരിത്രത്തിൽ ആദ്യം, ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ; പുതിയ കണക്കുകള്‍ ഇങ്ങനെ

ഇന്ത്യയില്‍ ആദ്യമായി പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ ആണെന്ന് റിപ്പോര്‍ട്ട്. 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നാണ് പുതിയ കണക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട 2019- 2021 വര്‍ഷത്തെ ദേശീയ കുടുംബ ആരോഗ്യ സര്‍വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

രാജ്യത്ത് ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം രണ്ടായി കുറഞ്ഞു. നേരത്തെ 2.2 ശതമാനമായിരുന്നു രാജ്യത്തെ പ്രത്യുല്‍പ്പാദന നിരക്ക് എന്നും സര്‍വേയില്‍ പറയുന്നു. നവംബര്‍ 24 നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സര്‍വേയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. ദേശീയ കുടുംബ ആരോഗ്യ സര്‍വേയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും സര്‍വേ നടത്തിയിരുന്നു. അത് പ്രകാരമുള്ള കണക്കുകളാണ് കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.

സര്‍വേ അനുസരിച്ച് ഏറ്റവും കുറവ് പ്രത്യുല്‍പ്പാദന നിരക്ക് ഛണ്ഡിഗഢിലാണ്, 1.4 ശതമാനം. 3 ശതമാനമുള്ള ബിഹാറിലാണ് ഏറ്റവും കൂടുതൽ പ്രത്യുൽപ്പാദന നിരക്ക്. മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പ്രത്യുല്‍പ്പാദന നിരക്ക് 2.1 ശതമാനത്തില്‍ കൂടുതലാണ്. 2005-2006ല്‍ നടത്തിയ സര്‍വേ പ്രകാരം സ്ത്രീപുരുഷ അനുപാതം തുല്യമായിരുന്നു. 2015-16ല്‍ 1000 പുരുഷന്മാര്‍ക്ക് 991 സ്ത്രീകള്‍ എന്ന നിലയ്‌ലേയ്ക്ക് ഇത് താഴ്ന്നിരുന്നു.

സര്‍വേ നടത്തിയ സംസ്ഥാനങ്ങളില്‍ 67 ശതമാനം ആളുകളും കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. നേരത്തെ ഇത് 54 ശതമാനമായിരുന്നു. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. 2-23 മാസം പ്രായമുള്ള കുട്ടികള്‍ക്കുള്ള പ്രതിരോധന കുത്തിവെയ്പ്പുകളുടെ നിരക്കും 76 ശതമാനമായി വര്‍ദ്ധിച്ചു. സര്‍വേ നടത്തിയ 14 സംസ്ഥാനങ്ങളില്‍ 11 ഇടങ്ങളിലും 12-23 മാസം പ്രായമുള്ള നാലില്‍ മൂന്ന് കുട്ടികളും പൂര്‍ണ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിച്ചിട്ടുണ്ടെന്നാണ് സര്‍വ്വേ വ്യക്തമാക്കുന്നത്.

പെണ്‍ ശിശുഹത്യ നിലനിന്നിരുന്ന സ്ഥലങ്ങളിലെ ഇപ്പോഴത്തെ സ്ത്രീ പുരുഷാനുപാതം നാഴികക്കല്ലാണ്. സ്ത്രീ ശാക്തീകരണ നടപടികള്‍ ഫലം കണ്ടു എന്നാണ് ഈ സര്‍വേയില്‍ നിന്ന് വ്യക്തമാകുന്നത് എന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍ പറഞ്ഞു. യു.എന്‍ ജനസംഖ്യാവിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് 2.1ല്‍ താഴെയുള്ള രാജ്യങ്ങളില്‍ പ്രത്യുല്‍പാദന നിരക്കു കുറവായാണു കണക്കാക്കപ്പെടുന്നത്. 2019-21 വര്‍ഷത്തില്‍ നടത്തിയ സര്‍വേ പ്രകാരം ഗ്രാമങ്ങളില്‍ 1.6ഉം നഗരങ്ങളില്‍ 2.1ഉമാണു പ്രത്യുല്‍പാദന നിരക്ക്.

രാജ്യത്തെ ജനസംഘ്യ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്ഥിരത കൈവരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിത് എന്ന് ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. കെ.എസ്. ജയിസ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. പ്രത്യുല്‍പാദന നിരക്ക് 2.1ല്‍ എത്തുന്നതാണു രാജ്യത്തിനു ഗുണകരം. ഇത് അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സഹായകമാകും എന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യുല്‍പ്പാദന ആരോഗ്യത്തിന് മാത്രം മുന്‍ഗണന നല്‍കിയാല്‍ പോരാ. കൂടുതല്‍ സമഗ്രമായ വീക്ഷണം ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് പ്രസിഡന്റ് യാമിനി അയ്യര്‍ പറഞ്ഞു. 2019-20ല്‍ കൂടുതല്‍ സ്ത്രീകള്‍ പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്നാല്‍ തൊഴില്‍ പങ്കാളിത്തത്തില്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ തൊഴില്‍ വിപണിയിലെ ഘടനാപരമായ വെല്ലുവിളികളിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. ഇന്ത്യ പുരോഗതി കൈവരിക്കണമെങ്കില്‍ ഇക്കാര്യത്തിലും മാറ്റമുണ്ടാകണമെന്ന് യാമിനി അയ്യര്‍ ചൂണ്ടിക്കാട്ടി.