മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുഞ്ഞുങ്ങളുടെ രക്ഷാകര്‍ത്താക്കളോട് കൊടുംക്രൂരത; വെള്ളമില്ലാത്തതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എഫ്‌.ഐ.ആര്‍

ബിഹാറില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഗ്രാമങ്ങളില്‍ കുടിവെള്ളമെത്താത്തതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ എഫ്‌.ഐ.ആര്‍. 39 പേര്‍ക്കെതിരെയാണ് എഫ്‌.ഐ.ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

സമരം ചെയ്ത പലരുടേയും കുഞ്ഞുങ്ങള്‍ മസ്തിഷ്‌കബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. ഞങ്ങളുടെ കുഞ്ഞുങ്ങളാണ് മരിച്ചിരിക്കുന്നത്. അവര്‍ അറസ്റ്റ് ചെയ്തു കൊണ്ടു പോയിരിക്കുന്നത് ഞങ്ങളുടെ വീട്ടിലേ കുടുംബനാഥന്മാരെയാണ്. അവര്‍ ജോലിക്ക് പോയാല്‍ മാത്രമേ ഞങ്ങളുടെ കുടുംബം പട്ടിണിയാകാതിരിക്കൂ, സമരത്തില്‍ പങ്കെടുത്തവരുടെ ഭാര്യമാര്‍ പറയുന്നു.

എന്റെ രണ്ട് കുഞ്ഞുങ്ങളാണ് ഇല്ലാതായത്, അതും ഒരു മണിക്കൂറിനുള്ളില്‍. ഏഴ് വയസും രണ്ട് വയസുമുള്ള കുഞ്ഞുങ്ങള്‍. ഇവിടെ യാതൊരു തരത്തിലുള്ള ബോധവത്കരണവും നടക്കുന്നില്ലെന്നുള്ളതാണ് സത്യം. രണ്ട് കുഞ്ഞുങ്ങള്‍ മരിച്ച പിതാവ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് ജനങ്ങള്‍ ആരോപിക്കുന്നു. മസ്തിഷ്‌ക ജ്വരം പടര്‍ന്നു പിടിച്ച ഹരിവന്‍ശ്പൂര്‍ പോലുള്ള ഗ്രാമങ്ങളിലെ ജനങ്ങള്‍ എല്ലാം തന്നെ പലായനം ചെയ്തു കഴിഞ്ഞു.