മംഗളൂരുവിലെ ഫാസിലിന്റെ കൊലപാതകം; മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍

കര്‍ണാടകയിലെ മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. സൂറത്കല്‍ സ്വദേശിയായ ഫാസിലാണ് മരിച്ചത്. മംഗളൂരു സ്വദേശിയായ അജിത്ത് ഡിസോസയാണ് പൊലീസിന്റെ പിടിയിലായത്.

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. അജിത്ത് കൊലപാതക സംഘം എത്തിയ കാര്‍ ഓടിച്ചിരുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഫാസിലിന്റെ മൃതദേഹം കഴിഞ്ഞ ദിവസം ഖബറടക്കി. മംഗല്‍പ്പട്ടെ മുഹ്യിദ്ദീന്‍ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം പ്രദേശത്ത് നിരോധനാജ്ഞ തുടരുകയാണ്. ഒരാഴ്ചക്കിടെ മൂന്ന് കൊലപാതകങ്ങളാണ് ദക്ഷിണ കന്നഡയില്‍ നടന്നത്. ഇതേ തുടര്‍ന്ന് കര്‍ണാടക- കേരള അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കി. രാത്രി 10 മണിക്ക് ശേഷം ആളുകള്‍ പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് തുണിക്കടയ്ക്ക് മുന്നില്‍ വെച്ച് ഫാസിലെ അക്രമി സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയും കുത്തുകയുമായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരിക്കുന്നത്.