ഹരിയാനയിലെ പ്രധാന ദേശീയപാത കർഷകർ ഉപരോധിച്ചു; ഡൽഹിയിൽ കനത്ത സുരക്ഷ

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ നടത്തുന്ന രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന് ഡൽഹിയിൽ ആരംഭിച്ചു. ഡൽഹിയിൽ സർക്കാർ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഒരു കൂട്ടം കർഷകർ കുണ്ട്ലി മുതൽ പാൽവാൾ വരെയുള്ള ഡൽഹി-ഹരിയാന അതിർത്തിയിലെ ദേശീയപാത തടഞ്ഞു. വേണ്ടിവന്നാൽ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഉപരോധമുണ്ടാകുമെന്ന് കർഷകർ അറിയിച്ചു. ബെംഗളൂരുവിൽ 30 പേരെ കരുതൽ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആംബുലൻസുകളെയും അവശ്യസേവനങ്ങളെയും ഉപരോധത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പഞ്ചാബ്- ഹരിയാന അതിർത്തിയും ഉപരോധിച്ചിട്ടുണ്ട്. പത്താൻ‌കോട്ട്- ജമ്മു ഹൈവേയും തടഞ്ഞു.

പഞ്ചാബിലെ സംഗ്രൂർ, ബർണാല, ബതിന്ദ എന്നിവയുൾപ്പെടെ 15 ജില്ലകളിലെ 33 സ്ഥലങ്ങളിൽ റോഡ് ഉപരോധം നടത്തുകയാണെന്ന് ഭാരതി കിസാൻ യൂണിയൻ (ഏക്ത ഉഗ്രഹാൻ) ജനറൽ സെക്രട്ടറി സുഖ്ദേവ് സിംഗ്  പറഞ്ഞു.