വ്യാജ മാർക്ക് ലിസ്റ്റ്; കോടതി തടവുശിക്ഷ വിധിച്ച ബി.ജെ.പി, എം.എൽ.എയെ അ​യോ​ഗ്യനാക്കി

വ്യാജ മാർക്ക് ലിസ്റ്റ് ഉപോയ​ഗിച്ച് കോളജിൽ പ്രവേശനം നേടിയ കേസിൽ കോടതി തടവുശിക്ഷയ്ക്ക് വിധിച്ച ബി.ജെ.പി എം.എൽ.എ ഇന്ദ്ര പ്രതാപിനെ ഉത്തർപ്രദേശ് നിയമസഭയിലെ അം​ഗത്വത്തിൽ നിന്ന് അയോ​ഗ്യനാക്കി. യുപി നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി പുറപ്പെടുവിച്ച വിജ്ഞാപനം അനുസരിച്ച്, ഒക്ടോബർ 18 മുതൽ ഖബ്ബു തിവാരിയുടെ അംഗത്വം അവസാനിപ്പിച്ചതായി പരി​ഗണിക്കും. കേസിൽ അഞ്ച് വർഷത്തേയ്ക്കാണ് പ്രത്യേക കോടതി തടവുശിക്ഷ വിധിച്ചത്.

28 വർഷം പഴക്കമുള്ള കേസിനാണ് എം.എൽ.എയ്ക്ക് തടവ് ശിക്ഷ. 1992ൽ അയോദ്ധ്യയിലെ സാകേത് കോളജ് പ്രിൻസിപ്പൽ യദുവൻഷ് റാം ത്രിപാഠിയാണ് ഇയാൾക്കെതിരെ രാം ജന്മഭൂമി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുന്നത്. ഡിഗ്രി രണ്ടാം വർഷ പരീക്ഷയിൽ ഇന്ദ്രപ്രതാപ് പരാജയപ്പെട്ടിരുന്നു. എന്നാൽ വ്യാജ മാർക്ക് ഷീറ്റ് ഉപയോഗിച്ച് 1990ൽ ഇയാൾ അടുത്ത വർഷ ക്ലാസിലേക്ക്‌ പ്രവേശിക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു.

കേസിൽ 13 വർഷത്തിനു ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഇതിനിടെ പല ഒറിജിനൽ രേഖകളും അപ്രത്യക്ഷമാവുകയായിരുന്നു. ഇതിന്റെ കോപ്പികളായിരുന്നു പിന്നീട് കോടതിയിൽ ഉപയോഗിച്ചത്. ഇതിനിടെ പരാതിക്കാരനായ പ്രിൻസിപ്പൽ ത്രിപാഠി മരിച്ചിരുന്നു. ശേഷം സാകേത് കോളജിലെ മറ്റൊരു ഉദ്യോഗസ്ഥൻ മഹേന്ദ്ര അഗർവാൾ കേസുമായി മുന്നോട്ട് പോവുകയായിരുന്നു.