ബ്ലാക്ക് ഫംഗസ് ബാധ; മുംബൈയില്‍ മൂന്നുകുട്ടികളുടെ കണ്ണ് നീക്കം ചെയ്തു, ആശങ്ക

മുംബൈയിൽ ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മൂന്നുകുട്ടികളുടെ ഓരോ കണ്ണ്​ വീതം നീക്കം ചെയ്തു. 4,6,14 പ്രായങ്ങളിലുള്ള കുട്ടികളുടെ കണ്ണുകളാണ്​ നഷ്​ടമായത്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്.

ഇതിൽ നാലും ആറും വയസ്സുള്ള കുട്ടികൾ പ്രമേഹബാധിതരായിരുന്നില്ല. 14കാരി പ്രമേഹബാധിതയായിരുന്നു. 16 വയസ്സുള്ള പ്രമേഹബാധിതയായ മറ്റൊരു പെൺകുട്ടിയുടെ വയറിന്‍റെ ഒരു ഭാഗത്തും ബ്ലാക്ക്​ ഫംഗസ്​ ബാധ കണ്ടെത്തിയിരുന്നു. കോവിഡ് നെഗറ്റീവ്​ ആയ ശേഷമാണ് ആ കുട്ടിയിൽ പ്രമേഹവും ക​ണ്ടെത്തിയ​തെന്ന്​ ഡോക്​ടർമാർ പറഞ്ഞു.

ഈ കുട്ടിക്കും ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്ന പതിനാലുകാരിക്കും കോവിഡ് രണ്ടാംതരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി രണ്ട്​ ദിവസത്തിനുള്ളിൽ പതിനാലുകാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോർട്ടിസ് ആശുപത്രിയിലെ സീനിയർ കൺസൾട്ടന്‍റ്​ പിഡിയാട്രീഷൻ ഡോ. ജേസൽ ഷേത്ത് മാധ്യമങ്ങളോട്​ പറഞ്ഞു. “കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാൽ ഭാഗ്യം കൊണ്ട് തലച്ചോറിൽ എത്തിയില്ല. ആറാഴ്ചയോളം കുട്ടിയെ ചികിത്സിച്ചു. എന്നാൽ ദൗർഭാഗ്യവശാൽ അവൾക്ക് ഒരു കണ്ണ് നഷ്​ടപ്പെട്ടു”- അദ്ദേഹം പറഞ്ഞു