എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വോട്ടിംഗ് മെഷീനുകളില്‍ തിരിമറി നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗം, പ്രതിപക്ഷം ഐക്യപ്പെട്ട് ശക്തമായി പോരാടണം; മമത ബാനര്‍ജി

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എക്‌സിറ്റ് പോളുകള്‍ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചാണ് മമത ട്വീറ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ഇവിഎമുകള്‍ മാറ്റിയെടുക്കാനോ അവയില്‍ ക്രമക്കേട് വരുത്താനോ ഉള്ള നീക്കമാണ് ഈ എക്‌സിറ്റ് പോള്‍ ഫലങ്ങളെന്നാണ് മമതയുടെ വിമര്‍ശം. തനിക്ക് ഈ ഊഹക്കളിയില്‍ വിശ്വാസമില്ലെന്നും പ്രതിപക്ഷം ഐക്യപ്പെട്ട് ശക്തമായി പോരാടണമെന്നും മമത ട്വീറ്റില്‍ ആവശ്യപ്പെട്ടു.

ആജ് തക് ഏക്‌സിസ് മൈ ഇന്ത്യാ സര്‍വേ പ്രകാരം ബി.ജെ.പി 175-188 സീറ്റ് നേടുമെന്നാണ് പ്രവചനം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 73-96ഉം എസ്.പി – ബി.എസ്.പി പൂജ്യം, മറ്റുള്ളവര്‍ 33-52 സീറ്റുകളും നേടിയേക്കാം എന്നാണ് ഫലപ്രവചനം.

ടൈംസ് നൗ ആക്‌സിസ് പോള്‍ പ്രകാരം രാജ്യത്ത് ബി.ജെ.പി 306 സീറ്റും കോണ്‍ഗ്രസ് 132 സീറ്റും എസ്.പി – ബി.എസ്.പി പൂജ്യം സീറ്റും മറ്റുള്ളവര്‍ 104 സീറ്റ് വരെ നേടാമെന്നാണ് പ്രവചനം.