'ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ, എന്നിട്ട് വിശദീകരിക്കാം'; രാജ്യസഭാ എം.പിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതില്‍ പ്രതികരിച്ച് രഞ്ജന്‍ ഗൊഗോയ്

രാജ്യസഭാ എംപി സ്ഥാനം സ്വീകരിക്കുമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. സത്യപ്രതിജ്ഞ ചെയ്ത ശേഷം നാമനിര്‍ദ്ദേശം സ്വീകരിച്ചതിനെ കുറിച്ച് സംസാരിക്കുമെന്നും ഗൊഗോയ് പറഞ്ഞു. ഗുവഹത്തിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

“ആദ്യം സത്യപ്രതിജ്ഞ ചെയ്യട്ടെ, എന്നിട്ട് ഇത് സ്വീകരിച്ചത് സംബന്ധിച്ച് മാധ്യമങ്ങളോട് വിശദമായി സംസാരിക്കാം” ഗൊഗോയ് പറഞ്ഞു.

13 മാസത്തോളം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഗൊഗോയ് കഴിഞ്ഞ നവംബറിലാണ് വിരമിച്ചത്. അയോദ്ധ്യ ഭൂമി തര്‍ക്കമടക്കമുള്ള സുപ്രധാന കേസുകളില്‍ അദ്ദേഹം വിധി പ്രസ്താവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഗൊഗോയിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതില്‍ വ്യാപക ആക്ഷേപങ്ങള്‍ നിലനില്‍ക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.