മരിച്ചവരുടെയും വിദേശത്തുള്ളവരുടെ കള്ളവോട്ട് ചെയ്യുന്നവരെ പൂട്ടും; വോട്ടിരട്ടിപ്പ് വിവാദത്തിന് അന്ത്യമിടും; വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കും; നടപടി ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തിലടക്കമുള്ള കള്ളവോട്ട് ചെയ്യല്‍ തടയാനും വോട്ടിരട്ടിപ്പ് വിവാദം മറികടക്കാനുമായി പുതിയ മാര്‍ഗങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2027ന് മുമ്പ് വോട്ടര്‍പട്ടിക നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത സംസ്ഥാന, ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍മാരുടെ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറാണ് ഈ നിര്‍ദേശം നല്‍കിയത്.
ഈ നിര്‍ദേശം കുറിപ്പായി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും അവര്‍ വഴി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്കും അയച്ച് നല്‍കിയിട്ടുണ്ട്.

2022ലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ (ഭേദഗതി) ചട്ടം 26 ബി പ്രകാരം വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്കും 6 ബി ഫോറം ഉപയോഗിച്ച് തങ്ങളുടെ ആധാര്‍ അതുമായി ബന്ധിപ്പിക്കാം. നേരത്തെ, വോട്ടര്‍പട്ടിക ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധല്ലെന്നും വോട്ടര്‍ക്ക് ഇഷ്ടപ്രകാരം ചെയ്യാമെന്നും 2022ല്‍ ഇതുമായി ബന്ധപ്പെട്ട കേസില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ സുപ്രീംകോടിയെ അറിയിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കമീഷന്‍ കൃത്രിമം കാണിക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന ശിവസേനയും ഗുരുതര ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ആധാറുമായി വോട്ടര്‍പട്ടിക ബന്ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നടന്നതായി ആരോപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബിജെപി വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിച്ചുവെന്ന് മമത ബാനര്‍ജി ആരോപിച്ചു. മറ്റ് സംസ്ഥാനങ്ങളിലും ബിജെപി സമാനമായ തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പശ്ചിമ ബംഗാളിലും അത് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.

‘തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസില്‍ ഇരുന്നുകൊണ്ട് അവര്‍ ഓണ്‍ലൈനായി ഒരു വ്യാജ വോട്ടര്‍ പട്ടിക സൃഷ്ടിച്ചു, പശ്ചിമ ബംഗാളിലെ എല്ലാ ജില്ലകളിലും വ്യാജ വോട്ടര്‍മാരെ ചേര്‍ത്തിട്ടുണ്ടെന്നും മമത ആരോപിച്ചിരുന്നു.

Read more

നേരത്തെ, കേരളത്തിലും കള്ളവോട്ട് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ കള്ളവോട്ട് ചെയ്തവരെ പിടികൂടുകയും ചെയ്തിരുന്നു. നാട്ടിലില്ലാത്തവരുടെയും മരണപ്പെട്ടവരുടെയും പേരിലാണ് അന്നു കള്ളവോട്ട് നടന്നത്. വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഈ പ്രതിസന്ധികളെല്ലാം മറികടക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.