ശിവസേന പിടിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡെ; ചിഹ്നം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും

മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാര്‍ തകര്‍ച്ചയിലേക്കെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങി ഏക്നാഥ് ഷിന്‍ഡെ. അംഗബലം മുന്‍ നിര്‍ത്തി ശിവസേനയുടം ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും തങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഷിന്‍ഡെയും മറ്റ് വിമത എംഎല്‍എമാരും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുക.

41 വിമത എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ഏക്നാഥ് ഷിന്‍ഡെ അവകാശപ്പെടുന്നത്. അതേസമയം 20 എംഎല്‍എമാര്‍ തിരികെ എത്താന്‍ താത്പര്യം പ്രകടിപ്പിച്ചതായി ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു. സ്ഥിതി വിലയിരുത്താന്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ശിവസേന നേതാക്കള്‍ മുംബൈയില്‍ യോഗം ചേരുകയാണ്.

അതേസമയം ഇന്നും മൂന്ന് എംഎല്‍എമാര്‍ പുതിയതായി വിമത എംഎല്‍എമാരുടെ ക്യാമ്പിലെത്തി. ദീപക് കേശകര്‍, മങ്കേഷ് കുദല്‍ക്കര്‍, സദ സര്‍വങ്കര്‍ എന്നിവരാണ് ഇന്നെത്തിയത്. ഗുവാഹട്ടിയിലെ റഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് എംഎല്‍എമാര്‍ കഴിയുന്നത്. 5 സ്വതന്ത്ര എംഎല്‍എമാരും ക്യാമ്പില്‍ ഉണ്ടെന്നാണ് സൂചന.

അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഔദ്യോഗിക വസതിയായ ‘വര്‍ഷ’യില്‍നിന്ന് ഉദ്ധവ് ബാന്ദ്രയിലെ സ്വന്തം വസതിയായ ‘മാതോശ്രീ’യിലേക്കു മാറി. മകനും മന്ത്രിയുമായ ആദിത്യ താക്കറെ ഉള്‍പ്പെടെ ഉദ്ധവിനെ അനുഗമിച്ചു. ഉദ്ധവിന് പിന്തുണയുമായി ശിവസേന പ്രവര്‍ത്തകര്‍ ഉദ്ധവിന്റെ വാഹനത്തിനു ചുറ്റും തടിച്ചു കൂടി പൂഷ്പവൃഷ്ടി നടത്തി. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയാറാണെന്നും ഔദ്യോഗിക വസതി ഒഴിയുമെന്നും ഉദ്ധവ് ഫെയ്സ്ബുക് ലൈവില്‍ അറിയിച്ചിരുന്നു.