എനിക്കൊപ്പം 40 എം.എല്‍.എമാര്‍; ബാല്‍ താക്കറേയുടെ ഹിന്ദുത്വം ഉയര്‍ത്തി പിടിക്കുമെന്ന് ഏക്നാഥ് ഷിന്‍ഡേ

തനിക്കൊപ്പം 40 എംഎല്‍എമാരുണ്ടെന്ന അവകാശ വാദവുമായി ഏക് നാഥ് ഷിന്‍ഡേ. ബാല്‍ താക്കറെയുടെ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുമെന്നും ഗുവാഹത്തിയില്‍ വെച്ച് ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

സ്ഥലത്തെ റഡിസണ്‍ല ബ്ലു ഹോട്ടലിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ശിവസേനയുമായി ഭിന്നതയിലുള്ള ഏക്നാഥ് ഷിന്‍ഡെക്കൊപ്പമാണ് എംഎല്‍എമാര്‍ എത്തിയത്. ബിജെപി എംഎല്‍എ സുശാന്ത ബോര്‍ഗൊഹെയ്ന്‍ എംഎല്‍എമാരെ സ്വീകരിച്ചു.

ബാല്‍ താക്കറെയുടെ ശിവസേന ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഹിന്ദുത്വം ഞങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുമെന്നായിരുന്നു ഷിന്‍ഡെ വ്യക്തമാക്കിയത്. എംഎഎല്‍എമാരെ തിരിച്ചു കൊണ്ട് വരാന്‍ ശിവസേന നേതാക്കള്‍ അനുനയ നീക്കം നടത്തുമെന്ന് മുന്നില്‍ കണ്ടാണ് ബിജെപി ഇവരെ ഗുജറാത്തിലേക്കും പിന്നീട് ഗുവാഹത്തിയിലേക്കും മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ ബാക്കി എംഎല്‍എമാരെ മുംബൈയിലെ വിവിധ ഹോട്ടലുകളിലേക്ക് ശിവസേന മാറ്റിയിട്ടുണ്ട്.288 ആണ് മഹാരാഷ്ട്ര നിയമസഭയിലെ അംഗബലം. എന്‍സിപിയുടെ രണ്ട് മുതിര്‍ന്ന അംഗങ്ങള്‍ ജയിലില്‍ കഴിയുന്നതിനാല്‍ 285 അംഗങ്ങളാണ് നിലവില്‍ നിയമസഭയിലുള്ളത്.

ശിവസേനയ്ക്ക് 56 പേരുണ്ട്. ഒരു എംഎല്‍എ മരിച്ചതിനാല്‍ ഈ എണ്ണം 55 ആയി. കേവല ഭൂരിപക്ഷത്തിന് 143 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യം.