ഒരു രാജ്യത്തിന്റെയും ഒരിഞ്ച് ഭൂമി പോലും തട്ടിയെടുത്തിട്ടില്ല; ഇന്ത്യയെ ജഗത് ഗുരുവാക്കുകയാണ് ബി.ജെ.പി സര്‍ക്കാരിന്റെ ലക്ഷ്യം: രാജ്നാഥ് സിംഗ്

മറ്റൊരു രാജ്യത്തിന്റെയും ഒരിഞ്ച് ഭൂമി പോലും തട്ടിയെടുക്കാത്ത ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. നമ്മുടെ രാജ്യത്തിന്റെ ശക്തി ലോകത്തിന്റെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്, ആരെയും ഭയപ്പെടുത്താനല്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

‘ഇന്ത്യയെ ജഗത് ഗുരുവാക്കുക എന്നതാണ് ബി.ജെ.പി സര്‍ക്കാറിന്റെ സ്വപ്നം. രാജ്യത്തെ ശക്തവും സമ്പന്നവും അറിവുള്ളതും മൂല്യങ്ങളുള്ളതുമാക്കാന്‍ ആഗ്രഹിക്കുന്നു. മറ്റൊരു രാജ്യത്തിന്റെയും ഒരിഞ്ച് ഭൂമി പോലും ഒരിക്കലും ആക്രമിക്കുകയോ കൈവശപ്പെടുത്തുകയോ ചെയ്യാത്ത ഒരേയൊരു രാജ്യമാണ് ഇന്ത്യ,”അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാംസ്‌കാരിക മികവിനെ അപകീര്‍ത്തിപ്പെടുത്തുകയും ചോദ്യം ചെയ്യുകയും ചെയ്യാന്‍ ഇപ്പോള്‍ പുരോഗമനവാദികളുണ്ടെന്നും സിംഗ് പറഞ്ഞു.

ശാസ്ത്രരംഗത്ത് ഇന്ത്യയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്, എന്നാല്‍ നൂറ്റാണ്ടുകളുടെ അടിമത്തം കാരണം പലര്‍ക്കും അതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.