'ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് സമരം നിർത്തി ജോലിക്ക് കയറണം'; സുപ്രീംകോടതി ഉത്തരവിൽ കൊൽക്കത്തയിലെ ഡോക്ടർമാർക്ക് കടുത്ത നിരാശ

നീതി ലഭിക്കും വരെ തങ്ങളുടെ സമരം തുടരുമെന്ന് കൊല്‍ക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനു പിന്നാലെ തെരുവിലിറങ്ങിയ യുവ ഡോക്‌ടർമാർ. ഇന്ന് വൈകിട്ട് അഞ്ച് മണിക്കുള്ളില്‍ ജോലിയിലേക്ക് തിരികെ പ്രവേശിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനിൽക്കവെയാണ് ഡോക്ടർമാരുടെ പ്രതികരണം. തികച്ചും നിരാശാജനകമാണ് സുപ്രീംകോടതിയുടെ തീരുമാനമെന്ന് ഐഎംഎ ബംഗാൾ ഘടകം പ്രസ്താവനയിലും അറിയിച്ചു.

പൊതുസമൂഹത്തിന് സേവനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് ബാധ്യതയുണ്ടെന്ന് മറക്കരുതെങ്ങ് ചൂണ്ടിക്കാട്ടിയാണ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ഇന്നലെ കോടതി ഡോക്ടർമാരോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി ഇന്നലെ അറിയിച്ചിരുന്നു. ജോലി പണയം വച്ചല്ല സമരം നടത്തേണ്ടതെന്നാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജെബി പർദിവാല, മനോജ് മിസ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

സർക്കാർ അച്ചടക്കനടപടിയെടുത്താൽ തടയില്ല. ഡോക്‌ടർമാ‌ർക്ക് ബംഗാൾ സർക്കാർ സുരക്ഷിത തൊഴിൽ സാഹചര്യമൊരുക്കണം. ഡോക്ടര്‍മാരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അതിനായി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം, വിശ്രമമുറികള്‍ ഒരുക്കണം, ആവശ്യമായ മറ്റു ഘടനാപരമായ മാറ്റങ്ങളും വരുത്തണമെന്നും കോടതി സർക്കാരിന് നിർദേശം നൽകി.

മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന് 23ഓളം രോഗികള്‍ മരിച്ചെന്ന് സീനിയര്‍ അഡ്വക്കേറ്റ് കപില്‍ സിബലിന്റെ വാദത്തെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഡോക്‌ടർമാരുടെ അഭാവം കാരണം 23 രോഗികൾ മരിച്ചു. ആറുലക്ഷം വ്യക്തികൾക്ക് ചികിത്സ നൽകാനായില്ല. ആരോഗ്യമേഖല സ്‌തംഭിച്ചു. ഒപിയിൽ ഒറ്റ റസിഡന്റ് ഡോക്‌ടർമാരും എത്തുന്നില്ല എന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. പ്രതികാര നടപടി ഇല്ലെന്നും സർക്കാർ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നവർക്കെതിരെ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കില്ലെന്നും മമത സർക്കാരും കോടതിയിൽ ഉറപ്പു നൽകി.

സംസ്ഥാനത്തുടനീളമുള്ള മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ കൂട്ടത്തോടെ 28 ദിവസമാണ് ജോലിയില്‍ നിന്ന് വിട്ടുനിന്നത് എന്ന് വാദത്തിനിടെ ജീഫ് ജസ്റ്റിസ് ഉന്നയിച്ചു. ഇത് സംസ്ഥാനത്തെ ആരോഗ്യ മേഖലിയില്‍ കാര്യമായ തടസ്സങ്ങള്‍ ഉണ്ടാക്കിയതായി ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. കേസ് അട്ടിമറിക്കപ്പെടുമോയെന്ന ആശങ്ക കാരണമാണ് സമരമെന്ന് റസിഡന്റ് ഡോക്‌ടേഴ്സ് അസോസിയേഷൻ മറുപടി നൽകിയത്.

അതേസമയം ഡോക്‌ടറുടെ പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി. മൃതദേഹത്തോടൊപ്പം എന്തെല്ലാം വസ്‌തുക്കൾ കൈമാറിയെന്ന് രേഖപ്പെടുത്തിയ ‘ചെലാൻ’ ആണ് ഹാജരാക്കേണ്ടത്. കാണാനില്ലെന്നാണ് മറുപടിയെങ്കിൽ എന്തോ കുഴപ്പമുണ്ടെന്ന് കരുതേണ്ടി വരുമെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ പുരോഗതി വ്യക്തമാക്കി സിബിഐ പുതിയ തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണം. സാംപിളുകൾ ഡൽഹി എയിംസിലും, ബംഗാളിന് പുറത്തുള്ള മറ്റു ലാബുകളിലും പരിശോധിക്കുമെന്ന് സിബിഐ അറിയിച്ചു.

Read more